അടൂർ : ഏഴംകുളം മാങ്കൂട്ടത്തെ കെട്ടുങ്കൽ ഏലായിൽ ഇന്നലെ വൈകിട്ടുണ്ടായ തീ പിടിത്തത്തിൽ ഒന്നര ഏക്കറോളം പ്രദേശത്തെ കാർഷിക വിളകൾ കത്തിനിശിച്ചു. ഏത്തവാഴ, പച്ചക്കറി കൃഷികളും തരിശുകിടന്ന പാടത്തിലുമാണ് തീപടർന്നത്. സമീപത്തുള്ള ഹാർഡ്വെയർ കമ്പിനിയുടെ ഗോഡൗൺവരെ തീ പടർന്നപ്പോഴേക്കും അതുവഴിവന്ന കുടിവെള്ള ടാങ്കറിലെ വെള്ളം ഉപയോഗിച്ച് തീ അണച്ചതിനാൽ ദുരന്തം ഒഴിവായി. സംഭവം അറിഞ്ഞെത്തിയ ഫയർഫോഴ്സും ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കെ. പി റോഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഉണ്ടായതും ഫയർഫോഴ്സ് സംഘത്തിന് യഥാസമയം എത്തുന്നതിന് തടസമായി. തരിശുകിടന്ന പാടത്തിലെ പുല്ലുകളും വാഴത്തോപ്പുകളിലെ ഉണങ്ങിയ വാഴയിലകളും തീ ആളിപ്പടരാൻ കാരണമായി. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. വൈകിട്ട് അഞ്ചേ കാലോടെയാണ് തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കിയത്.