പന്തളം: ശബരിമലയുടെ പരിപാവനത സംരക്ഷിക്കാൻ രാപ്പകൽ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന വിശ്വാസികൾക്കൊപ്പമാണ് പന്തളം കൊട്ടാരം നിലകൊള്ളുന്നതെന്ന് കൊട്ടാരം നിർവ്വാഹക സംഘം സെക്രട്ടറി പി.എൻ.നാരായണ വർമ്മ അറിയിച്ചു.
പന്തളം കൊട്ടാരത്തെക്കുറിച്ച് നവമാദ്ധ്യമങ്ങളിലും ചില ചാനലുകളിലും തെറ്റിദ്ധാരണയുണ്ടാക്കുന്ന വാർത്തകളാണ് വരുന്നത്. ഇത് വിശ്വാസി സമൂഹത്തിനു വേദനയുണ്ടാക്കുന്നതായി മനസ്സിലാക്കുന്നു. രാഷട്രീയ ലാഭത്തിനായാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നത്. തിരഞ്ഞെടുപ്പിലും വിശ്വാസം സംരക്ഷിക്കുന്നവരോടൊപ്പമാണ് പന്തളം കൊട്ടാരം നിലകൊള്ളുന്നത്.
ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയോ കൊടിയുടെയോ കീഴിൽ പ്രവർത്തിക്കുന്നതല്ല പന്തളം കൊട്ടാരം നിർവ്വാഹക സംഘം. കക്ഷി രാഷ്ട്രീയങ്ങൾക്കതീതമായി പ്രവർത്തിക്കുന്ന സംഘടനയാണ്. വിശ്വാസികളോടൊപ്പം നിന്ന് ക്ഷേത്രാചാരങ്ങളും നിയമങ്ങളും സംരക്ഷിക്കുക എന്നതാണ് കൊട്ടാരത്തിന്റെ മുഖ്യ ലക്ഷ്യമെന്നും പി.എൻ. നാരായണ വർമ്മ അറിയിച്ചു.