pipe
ചിരണിക്കൽ - പറക്കോട് റൂട്ടിൽ വാട്ടർ അതോററ്റിയുടെ മെയിൻ പൈപ്പ്ലൈൻ പൊട്ടി റോഡിൽ വെള്ളകെട്ട് രൂപംകൊണ്ടപ്പോൾ

അടൂർ : മാസങ്ങളായി കുടിവെള്ളം ലഭിക്കാതെ ജനങ്ങൾ വലയുന്നതിനിടെ പൈപ്പ്പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ വെള്ളം പാഴായി. ചിരണിക്കൽ ട്രീറ്റ്മെന്റ് പ്ളാന്റിൽ നിന്ന് അടൂർ നഗരസഭയിലേക്കും സമീപത്തെ അഞ്ച് പഞ്ചായത്തുകളിലേക്കും വെള്ളം എത്തിക്കുന്ന മെയിൻ പൈപ്പ്ലൈനാണ് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പൊട്ടിയത്. ഇതോടെ റോഡും തകർന്നു. കെ. പി റോഡിന്റെ ടാറിംഗ് നടക്കുന്നതിനാൽ ചിരണിക്കൽ വഴിയാണ് വാഹനങ്ങൾ തിരിച്ചുവിട്ടിരിക്കുന്നത്. ഇതും റോഡിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടി. ശുദ്ധജലവിതരണ പദ്ധതിയുടെ ഗുണനിലവാരം കുറഞ്ഞ പഴയ പൈപ്പുകൾ മാറ്റുന്ന ജോലികളാണ് നടന്നുവരുന്നത്. കൈപ്പട്ടൂർ പമ്പ് ഹൗസിൽ നിന്ന് ചിരണിക്കൽ പ്ളാന്റ് വരെ ഡി. ഐ പൈപ്പുകൾ മാറ്റുന്ന ജോലികൾ നടന്നുവന്നതിനാൽ ഏതാനും ദിവസങ്ങളായി ശുദ്ധജല വിതരണം പൂർണമായും തടസപ്പെട്ടിരിക്കുകയായിരുന്നു. ഇത് പരിഹരിച്ച് ജല വിതരണം സാധാരണ നിലയിലാക്കുന്നതിനുള്ള ശ്രമങ്ങൾക്കിടയാണ് വീണ്ടും പൈപ്പ് പൊട്ടൽ. ചിരണിക്കൽ മുതൽ പറക്കോട് വരെയുള്ള രണ്ടര കിലോമീറ്റർ ഭാഗത്തെ പൈപ്പുകൾ മാറ്റാത്തതാണ് ഇതിന് ഇടയാക്കിയത്. റോഡിന്റെ ടാറിംഗിനായി ടെൻഡർ നടപടികൾ പൂർത്തിയാക്കി സാധന സാമിഗ്രികളും ഇറക്കിയിട്ടിട്ടും പുതിയ പൈപ്പുകൾ മാറ്റി സ്ഥാപിക്കാത്തതിനാൽ നിർമ്മാണം നടത്താനാകാത്ത സ്ഥിതിയിലാണ് പൊതുമരാമത്ത് . ഇതിനിടെ കുടിവെള്ളം ലഭിക്കാത്തതിന്റെ പേരിൽ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ട്. കഴിഞ്ഞ ദിവസം പള്ളിക്കൽ പ്രദേശങ്ങളിൽ ജലം ലഭിക്കാത്തതിൽ പ്രതിഷേധിച്ച്.ബി. ജെ. പി പള്ളിക്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അതോററ്റി അസി. എൻജിനീയറെ മണിക്കൂറുകളോളം തടഞ്ഞുവച്ചിരുന്നു.