sndp

തിരുവല്ല: ശ്രീനാരായണ ഗുരുദേവന്റെ സംഘടിച്ച് ശക്തരാകുവിൻ വിദ്യകൊണ്ട് പ്രബുദ്ധരാകുവിൻ എന്ന ഉപദേശങ്ങൾ ഉൾക്കൊണ്ട് കാലഘട്ടത്തിന്റെ കുളമ്പടി ശബ്ദം ശ്രവിച്ച് പ്രതികരണശേഷി ഉള്ളവരായി ഗുരുഭക്തന്മാർ മുന്നേറണമെന്നു സ്വാമി സച്ചിദാനന്ദ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ചുമത്ര ഗുരുദേവ ക്ഷേത്രത്തിൽ ശ്രീനാരായണ ദിവ്യപ്രബോധന ധ്യാനയജ്ഞത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. വിദ്യയുടെ പ്രതിഫലനം വിവേകമാണ്. അത് വേർതിരിച്ചുള്ള അറിവാണ്. ഈ വേർതിരിച്ചുള്ള അറിവ് ക്രൈസ്തവ, ഇസ്ളാം സമൂഹത്തിന് ഭൗതികവും ആദ്ധ്യാത്മികവുമായി സമഗ്രമായ പുരോഗതി കൈവരിക്കുവാൻ നിമിത്തമായി തീർന്നു. എന്നാൽ ശ്രീനാരായണീയർ തലച്ചോറും ബുദ്ധിയും മറ്റുള്ള പലതിന്റെയും പേരിൽ പണയംവെച്ച് അധപതിച്ചു കഴിയുന്നു. അവർ കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നത് അറിയുന്നില്ല. പൊട്ടിത്തെറിച്ച മാലപ്പടക്കം പോലെ ചിഹ്നഭിന്നമായി കഴിയുന്നവർക്ക് ഒന്നും നേടാൻ സാധിക്കില്ല. പലപ്പോഴും രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകങ്ങളായി മാറുന്നു. ഇതിൽ നിന്നും സ്വതന്ത്രരായി കാലഘട്ടത്തിന്റെ ഉൾവിളി മനസ്സിലാക്കി സംഘടിത ശക്തിയായി വളർന്നില്ലെങ്കിൽ പൂർവ്വസൂരികളായ മഹാത്മാക്കൾ നേടിത്തന്ന അവകാശങ്ങൾ പലതും നഷ്ടമായി പോകുമെന്ന അവസ്ഥ തിരിച്ചറിയണം. ഗുരുദേവൻ കാട്ടിത്തന്ന ആത്മീയതയിൽ അടിയുറച്ചുള്ള ജീവിതദർശനത്തെ സാംശീകരിക്കാൻ കഴിയാതെ കേവലം ഭൗതികവാദികളായി നിന്ന് ഗുരുവിനെപോലും സാമൂഹിക പരിഷ്ക്കർത്താവും സാമൂഹ്യ വിപ്ലവകാരിയും നവോത്ഥാന നായകനുമൊക്കെയായി ചുരുക്കി വിലയിരുത്തുന്ന പ്രവണത ഗുരുഭക്തന്മാർ തിരിച്ചറിയണമെന്നും സ്വാമി പറഞ്ഞു.

ഇന്ന് സമാപിക്കും

രണ്ടു ദിവസമായി നടന്നുവരുന്ന ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും ഇന്ന് സമാപിക്കും. രാവിലെ എട്ടിന് ഗുരുദേവകൃതികളുടെ പാരായണം, 9.30 ന് ശ്രീനാരായണ ദിവ്യജ്യോതിസ് ദർശനം. തുടർന്ന് ശ്രീനാരായണ ദിവ്യപ്രബോധന ധ്യാനയജ്‌ഞം. 11ന് സമൂഹാർച്ചന, മഹാസർവ്വൈശ്വര്യപൂജ. ഒന്നിന് അന്നദാനം, വൈകിട്ട് നാലിന് സമൂഹപ്രാർത്ഥന, മഹാഗുരുപൂജ, യജ്ഞപ്രസാദ വിതരണം, മംഗളാരതി.