road

അടൂർ : പൈപ്പ് പൊട്ടലിനെ തുടർന്ന് അനിശ്ചിതത്വത്തിലായ കെ.പി റോഡിന്റെ ടാറിംഗ് രണ്ടാം ഘട്ടത്തിലേക്ക് കടന്നു. ഇന്നലെ പറക്കോട് ഐ.ഒ.സി പെട്രോൾ പമ്പ് മുതൽ ഏഴംകുളം ജംഗ്ഷൻ വരെയുള്ള ഭാഗത്തെ ബിറ്റുമിനസ് കോൺക്രീറ്റ് നിരത്തുന്ന ജോലി ഒരു വശം പൂർത്തീകരിച്ചു. മറുഭാഗത്തെ ടാറിംഗും തുടങ്ങി. അടൂർ മുതൽ മരുതിമൂട് വരെയുള്ള 8 കിലോ മീറ്ററിൽ 1.30 കിലോമീറ്റർ ഒഴിച്ചുള്ള ഭാഗത്തെ ആദ്യഘട്ടമായ ബിറ്റുമിനസ് മെക്കാഡം ഉറപ്പിക്കുന്ന ജോലികൾ പൂർത്തിയാക്കി. ഏഴംകുളം ജംഗ്ഷൻ മുതൽ പ്ളാന്റേഷൻ ജംഗ്ഷൻ വരെയുള്ള 800 മീറ്റർ, അടൂർ ഭീമ ജംഗ്ഷൻ മുതൽ സെൻട്രൽ ജംഗ്ഷൻ വരെയുള്ള 50 മീറ്റർ എന്നീ ഭാഗത്തെ ആദ്യഘട്ട ടാറിംഗ് മാത്രമാണ് ഇനിശേഷിക്കുന്നത്. സംസ്ഥാന പാതയായ കെ. പി റോഡിന്റെ അടൂർ മുതൽ മരുതിമൂട് വരെയാണ് ഒരു വർഷത്തിലേറെയായി തകർന്ന് ഗതാഗതം താറുമാറായത്. 30 കോടി രൂപ ചെലവിൽ റോഡ് നവീകരിക്കുന്നതിനുള്ള ടെൻഡർ ഒക്ടോബറിൽ നൽകിയതാണ്. രണ്ട് മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനായിരുന്നു കരാർ. റോഡിനടിയിലൂടെ കടന്നുപോകുന്ന അടൂർ ശുദ്ധജലവിതരണ പദ്ധതിയുടെ മോശമായ പൈപ്പുകൾ മാറ്റി പകരം ഉന്നത നിലവാരത്തിലുള്ള ഡി.ഐ പൈപ്പുകൾ സ്ഥാപിക്കുന്നതിനുള്ള നടപടി വൈകിയതോടെ റോഡ് നവീകരണവും വൈകി. ഒടുവിൽ നാട്ടുകാർ പ്രതിഷേധവുമായി തെരുവിലിങ്ങിയപ്പോഴും വാട്ടർ അതോററ്റിയുടെ മെല്ലെപ്പോക്ക് കാരണം ഫെബ്രുവരി 5 നാണ് പൈപ്പ് പണികൾ തീർന്നത്. ഫെബ്രുവരി 10 ന് ആരംഭിച്ച റോഡ് നിർമ്മാണം അടിക്കടിയുള്ള പൈപ്പ്പൊട്ടൽ കാരണം വീണ്ടും ഏറെ തവണ തടസപ്പെട്ടു. ഏറെ പ്രതിസന്ധികളെ അതിജീവിച്ചാണ് രണ്ടാംഘട്ട നിർമ്മാണത്തിനും തുടക്കമായത്.

ഏഴംകുളം മുതൽ പ്ളാന്റേഷൻ ജംഗ്ഷൻ വരെയുള്ള 800 മീറ്റർ ഭാഗത്തെ പണികൾ രണ്ട് ദിവസം കൊണ്ട് പൂർത്തിയാക്കും. ഇതിനിടെ ആദ്യഘട്ടം പൂർത്തിയായ ഭാഗത്തെ രണ്ടാംഘട്ട ടാറിംഗും നടക്കും.

ശ്രീധന്യ കൺസ്ട്രക്ഷൻ കമ്പിനി,

തിരുവനന്തപുരം.

പതിനഞ്ച് ദിവസത്തിനുള്ളിൽ അടൂർ മുതൽ മരുതിമൂട് വരെയുള്ള ഭാഗത്തെ രണ്ടാംഘട്ട ടാറിംഗും പൂർത്തിയാക്കി കെ. പി റോഡ് പൂർണ്ണമായും ഗതാഗതത്തിന് തുറന്നു കൊടുക്കും.

മുരുകേഷ് കുമാർ

അസി. എൻജിനീയർ, റോഡ്സ് വിഭാഗം.