അടൂർ : മെയ് 23 ന് പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഏത് യുവനേതാവിന്റെയാകും പാതി മീശ നഷ്ടമാകുക. തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോൾ വെറും വാക്കുകളിലൂടെയുള്ള വാതുവയ്പ്പല്ല, മറിച്ച് യൂ ടൂബ് വഴി സോഷ്യൽ മീഡിയായിൽ പ്രചരിപ്പിക്കുകയാണ് അവകാശവാദങ്ങൾ. കഴിഞ്ഞ രണ്ട് ദിവസമായി അടൂരിലെ രണ്ട് യുവ നേതാക്കൻമാരുടെ പന്തയമാണ് ആളുകൾക്കിടയിൽ ചർച്ചാ വിഷയമായിരിക്കുന്നത്. ഒരാൾ ഡി.വൈ.എഫ്.ഐ അടൂർ ഏരിയാ പ്രസിഡന്റ് മുഹമ്മദ് അനസ്. മറ്റൊരാൾ കോൺഗ്രസ് ബ്ളോക്ക് ജനറൽ സെക്രട്ടറി നിരപ്പിൽ ബുഷ്റ. ഇരുവരുടേയും പന്തയം രഹസ്യമായല്ല. നിരവധി ആളുകളുടെ മുന്നിൽ പരസ്യമായി മൊബൈൽ റിക്കാർഡിംഗോടെ. വീണാ ജോർജ് ജയിച്ചാൽ നിരപ്പിൽ ബുഷ്റ പാതിമീശയെടുത്ത് നടക്കും. മറിച്ച് ആന്റോ ആന്റണി ജയിച്ചാൽ ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ് അനസ് പാതിമീശയെടുക്കും. കേട്ടുനിന്നിവർ ഇരുവരുടേയും പന്തയത്തെ കൈയടിച്ചാണ് പ്രോത്സാഹിപ്പിച്ചത്.