റാന്നി: മയക്കു മരുന്ന് ഗുളികകളുടെ വിൽപ്പനക്കിടെ മൂന്ന് യുവാക്കളെ റാന്നി പൊലീസ് പിടികൂടി.ആറന്മുള പേരാവൂർ തുണ്ടുമണ്ണിൽ രാഹുൽ മോഹൻ (24) പെരുനാട് പാണ്ടിക്കാമണ്ണിൽ അഭിജിത്ത് (21) കണ്ണൂർ തളിപ്പറമ്പ് ഇടക്കം കുമ്പിൽ വീട്ടിൽ ഇല്യാസ് (20) എന്നിവരാണ് പിടിയിലായത്. റാന്നി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രി 9.30 ന് വടശേരിക്കര കന്നാൻ പാലത്തിനു സമീപത്തു നിന്ന് മയക്ക് മരുന്ന് ഗുളികകൾ കൈമാറുന്നതിനിടെ ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു. 113 ഗുളികകൾ അടങ്ങുന്ന 1133 സ്ട്രിപ്പാണ് കസ്റ്റഡിയിലെടുത്തത്. മയക്കു മരുന്ന് ഇനമായ നിഫ്രോസൺ ഗുളികകളാണ് കണ്ടെടുത്തത്. കണ്ണൂർ സ്വദേശിയായ ഇല്യാസ് വടശേരിക്കരയിലെ ബേക്കറി ജീവനക്കാരനാണ്. രാഹുൽ മോഹൻ മയക്കു മരുന്ന് ഗുളികളുമായെത്തി ഇല്യാസിനും അഭിജിത്തിനും കൈമാറുന്നതിനിടയിലാണ് പിടിയിലായത്. ചോദ്യം ചെയ്യലിൽ കോയമ്പത്തൂരിൽ നിന്നുമാണ് ലഹരി ഗുളികകൾ ലഭിക്കുന്നതെന്ന് ഇവർ പറഞ്ഞു. 6 രൂപയ്ക്കാണ് ലഭിക്കുന്ന ഒരു ഗുളിക 50 രൂപയ്ക്കാണ് വിൽപ്പന നടത്തിയിരുന്നത്. ജില്ലാ പൊലീസ് ചീഫിന്റെ നിഴൽ പൊലീസ് സംഘവും സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്പിയുടെ പൊലീസ് സംഘവും നടത്തിയ നീക്കത്തിനൊടുവിലാണ് യുവാക്കൾ പിടിയിലായത്. മൂവരെയും റിമാൻഡ് ചെയ്തു. അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങി കോയമ്പത്തൂർ ഉൾപ്പെടെ കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.