അടൂർ: എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് ആൺസുഹൃത്തിനൊപ്പം ഒളിച്ചോടുകയും പൊലീസ് തിരഞ്ഞെത്തിയപ്പോൾ ഓടിപ്പോവുകയും ചെയ്ത പെൺകുട്ടിയെ കണ്ടെത്തി. ആൺസുഹൃത്തിനെയും ഒളിച്ചോട്ടത്തിന് ഒത്താശ ചെയ്ത ബന്ധുവിനെയും പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു. ആൺസുഹൃത്ത് കടമ്പനാട് വടക്ക് തോപ്പിൽ കിഴക്കേക്കര സൂര്യഭവനിൽ ശ്യാംകുമാർ (19), ഇയാളുടെ ബന്ധു അജിഭവനിൽ അജികുമാർ(39) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാവിലെ 10 മണിയോടെ മണക്കാല ഫെഡറൽ ബാങ്കിന് സമീപമുള്ള റബർ തോട്ടത്തിലെ ടാപ്പിംഗുകാരനാണ് പെൺകുട്ടി നടന്നു പോകുന്നത് കണ്ടത്. വിവരം പോലീസിൽ അറിയിച്ചു. അവർ പാഞ്ഞെത്തിയപ്പോഴേക്കും പെൺകുട്ടി വീണ്ടും അപ്രത്യക്ഷയായി. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അത് കാണാതായ പെൺകുട്ടി തന്നെയാണെന്ന് ഉറപ്പിച്ചു. പിന്നീട് നാട്ടുകാരും പൊലീസുകാരും ചേർന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കൊടുമൺ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്ന പെൺകുട്ടിയെ എസ്.ഐ. സുജാതയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയും വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു.
വ്യാഴാഴ്ച വൈകിട്ട് അവസാന പരീക്ഷയും എഴുതിയ ശേഷമാണ് ശ്യാംകുമാറിനൊപ്പം പെൺകുട്ടി പോയത്. ശ്യാം റെന്റിന് എടുത്ത കാറിലാണ് ഇരുവരും പോയത്. പോകുന്ന വഴി അടൂരിലെ പണമിടപാട് സ്ഥാപനത്തിൽ പെൺകുട്ടിയുടെ ഒന്നര പവന്റെ മോതിരം ശ്യാം പണയം വച്ചു. സ്വർണം പണയം വയ്ക്കുന്നതിനും കാർ വാടകയ്ക്ക് എടുക്കുന്നതിനും അജികുമാറാണ് സഹായിച്ചത്. ഇതിന് ശേഷം മൂവരും കൂടി ശ്യാംകുമാറിന്റെ വീട്ടിലേക്ക് പോയി. ഇതിനിടെ പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ സൂചന പ്രകാരം കൊടുമൺ പോലീസും അവിടെയെത്തി. അജിയെയും ശ്യാമിനെയും കസ്റ്റഡിയിൽ എടുക്കുന്നതിനിടെ പെൺകുട്ടി വീടിന് പിന്നിലെ റബർ തോട്ടത്തിലൂടെ ഇറങ്ങിയോടി.
....
രണ്ടു ദിവസം പൊലീസ് മുൾമുനയിൽ, മാങ്ങയും വെളളവും കഴിച്ച് പെൺകുട്ടി
രണ്ടു രാവും ഒരു പകലും പെൺകുട്ടിയ്ക്ക് വേണ്ടി പൊലീസ് തിരഞ്ഞു. വിരലടയാള വിദഗ്ധർ, ഡോഗ് സ്‌ക്വാഡ്, ഫോറൻസിക് ഉദ്യോഗസ്ഥർ എന്നിവരും സഹായിച്ചു. എന്നിട്ടും പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. റബർ തോട്ടത്തിൽ തന്നെ ഒളിച്ചിരുന്ന പെൺകുട്ടി സമീപത്തെ മാവിൽ നിന്നുള്ള മാങ്ങയും പച്ചവെള്ളവും കഴിച്ചാണ് ജീവൻ നിലനിർത്തിയത്. പുറത്തിറങ്ങിയപ്പോഴൊക്കെ പെൺകുട്ടിയെ ചിലർ തിരിച്ചറിഞ്ഞിരുന്നു. അവരിൽ നിന്നെല്ലാം വിദഗ്ധമായി ഒഴിഞ്ഞു മാറിയാണ് കുട്ടി നടന്നത്. മൂന്നു സ്‌റ്റേഷനുകളിൽ നിന്നായി എട്ടു വണ്ടി പൊലീസാണ് ഇന്നലെ രാവിലെ കുട്ടിയെ കണ്ടെത്തും വരെ പരിശോധന നടത്തിയിരുന്നത്. അടൂർ ഡിവൈ.എസ്.പി കെ.എ. തോമസ്, കൊടുമൺ ഇൻസ്‌പെക്ടർ കെ. വിനോദ്, എസ്.ഐമാരായ ശ്രീലാൽ, സുജാത, എ.എസ്.ഐ നജീബ്, സി.പി.ഓമാരായ സുഭാഷ്, നാദിർഷ,ഷിജു, അനീഷ് എന്നിവരാണ് തിരച്ചിലിന് നേതൃത്വം നൽകിയത്.