പത്തനംതിട്ട : ആന്റോ ആന്റണി എം.പി നടത്തിയ വികസന പ്രവർത്തനങ്ങളും നേട്ടങ്ങളും ജനങ്ങളിലെത്തിക്കാനായി യൂത്ത് കോൺഗ്രസ് പത്തനംതിട്ട പാർലമെന്റ് മണ്ഡലം പ്രസിഡന്റ് റോബിൻ പരുമല നയിച്ച വികസന സന്ദേശ യാത്രയ്ക്ക് ഉജ്ജ്വല സമാപനം. കുമ്പഴയിൽ നിന്ന് ആരംഭിച്ച റോഡ് ഷോയോടെയാണ് യാത്രയ്ക്ക് സമാപനമായത്. ആയിരക്കണക്കിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് റോഡ്ഷോയിൽ പങ്കെടുത്തത്. വികസന സന്ദേശ യാത്രയുടെ സമാപനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. പത്ത് കോടി തൊഴിൽ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോദി സർക്കാർ രാജ്യത്തെ യുവാക്കളെ വഞ്ചിച്ചെന്ന് ആന്റോ ആന്റണി പറഞ്ഞു. ഡോ.മൻമോഹൻ സിംഗ് സർക്കാർ രാജ്യം ഭരിച്ചപ്പോൾ പ്രതിവർഷം മുപ്പത്തഞ്ച് ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകി. നോട്ട് നിരോധനത്തിലൂടെയും അശാസ്ത്രീയ ജി.എസ്.ടി നടപ്പിലാക്കിയതിലൂടെയും രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാക്കി. തിരഞ്ഞെടുപ്പിൽ രാജ്യത്തെ യുവാക്കൾ മോദിക്ക് മറുപടി നൽകുമെന്നും ആന്റോ പറഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമല, പാർലമെന്റ് മണ്ഡലം വൈസ് പ്രസിഡന്റ് അരുൺ രാജ്, നിയോജകമണ്ഡലം പ്രസിഡന്റ് ഡോ.എം.എം.പി ഹസ്സൻ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് അൻസാർ മുഹമ്മദ്, അഖിൽ അഴൂർ, എം.എ.സിദ്ദിക്ക്, ആബിദ് ഷെഹീം, ജി.മനോജ്, അജിത്ത് അയിരൂർ, അഫ്സൽ.വി ഷെയ്ക്ക് എന്നിവർ പ്രസംഗിച്ചു.