dhyanam
തിരുവല്ല ചുമത്ര ഗുരുദേവ ക്ഷേത്രത്തിൽ ശ്രീനാരായണ ദിവ്യപ്രബോധന ധ്യാനയജ്ഞത്തോടനുബന്ധിച്ചു നടന്ന സർവ്വൈശ്വര്യപൂജ

തിരുവല്ല: ഏകലോക ദർശനത്തിന്റെ മഹാപ്രവാചകനാണ് ശ്രീനാരായണ ഗുരുദേവനെന്ന് ശിവഗിരി മഠം ധ്യാനാചാര്യൻ സ്വാമി സച്ചിദാനന്ദ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ചുമത്ര ഗുരുദേവ ക്ഷേത്രത്തിൽ ശ്രീനാരായണ ദിവ്യപ്രബോധന ധ്യാനയജ്ഞത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ബുദ്ധനും ക്രിസ്തുവും നബിയും ശ്രീശങ്കരനുമൊക്കെ ഓരോരോ മതങ്ങളുടെ ആചാര്യന്മാരായിരിക്കുമ്പോൾ, ഗുരുദേവൻ പുതിയൊരു മതം സ്ഥാപിക്കാതെ ഏകലോക ദർശനം അവതരിപ്പിക്കുകയായിരുന്നു. ശാസ്ത്രയുഗത്തിനു സ്വീകാര്യമാകുന്ന ദൈവദർശനം അവതരിപ്പിക്കുവാൻ ഗുരുദേവന് സാധിച്ചു. ദൈവത്തിൽ വിശ്വസിക്കാനല്ല ഗുരു നമ്മെ പഠിപ്പിച്ചത്. ദൈവത്തെ യുക്തിഭദ്രമായും ശാസ്ത്രീയമായും മനസിലാക്കാനാണ്. മറഞ്ഞിരുന്നു ശിക്ഷാരക്ഷകൾ ചെയ്യുന്ന ദൈവത്തെയല്ല ഗുരു കാട്ടിത്തന്നത്. താനായും ദൃശ്യപ്രപഞ്ചമായും ചരാചരങ്ങളായും നിറഞ്ഞുനിൽക്കുന്നതാണ് ദൈവമെന്ന് കാട്ടുകയായിരുന്നു.ഗുരുദേവന്റെ സ്വരൂപം അറിയാതെ സാമൂഹ്യ പരിഷ്കർത്താക്കളുടെ കൂട്ടത്തിൽ ഗുരുവിന്റെ ചിത്രവും അച്ചടിച്ചു ചിലർ പ്രചരിപ്പിക്കുന്നുണ്ട്. അവരുടെ ലക്‌ഷ്യം രാഷ്ട്രീയ ലാഭമാണെന്ന് അദ്ദേഹം പറഞ്ഞു.