തിരുവല്ല : കൊയ്തെടുത്ത ക്വിൻറൽ കണക്കിന് നെല്ല് കൂലിത്തർക്കം മൂലം നീക്കം ചെയ്യാനാവാത്ത ഗതികേടിൽ പെരുംതുരുത്തി തെക്ക് പാടശേഖര സമിതി. നാൽപത് കർഷകർ ചേർന്ന് കൃഷിയിറക്കിയ നൂറ്റിപ്പത്ത് ഏക്കറോളം വരുന്ന പാടശേഖരത്തിലാണ് നെല്ല് നാല് ദിവസമായി കെട്ടിക്കിടക്കുന്നത്. ഒരു ക്വിന്റൽ നെല്ലിന് ചുമട്ടുകൂലി ഇനത്തിൽ 185 രൂപയും വാരുന്നതിന് 30 രൂപയുമാണ് കഴിഞ്ഞ വർഷം കൂലിയായി നൽകിയത്. എന്നാൽ ഇത്തവണ ചുമട്ടുകൂലിയായി 200 രൂപയും വാരുന്നതിന് 40 രൂപയും തൊഴിലാളികൾ ആവശ്യപ്പെട്ടുന്നതാണ് പ്രതിസന്ധിക്ക് കാരണം. നെല്ല് കൊണ്ടുപോകുന്നതിനായി കാലടിയിൽ നിന്നെത്തിയ സ്വകാര്യ മില്ലിന്റെ ലോറികളും കൂലിത്തർക്കം തീരുന്നതും കാത്ത് കഴിഞ്ഞ രണ്ട് ദിവസമായി പാടശേഖരത്തോട് ചേർന്ന റോഡിൽ കിടക്കുകയാണ്. വേനൽമഴ പെയ്താൽ പാടത്ത് കെട്ടിക്കിടക്കുന്ന നെല്ല് കിളിർത്ത് ഉപയോഗശൂന്യമാവുമെന്ന ആശങ്കയും കർഷകർക്കിടയിലുണ്ട്. വേങ്ങൽ പാടം, വേങ്ങൽ ഇരുകര, അഞ്ചടി വേളൂർ മുണ്ടകം എന്നീ പാടശേഖരങ്ങളിലും കഴിഞ്ഞയാഴ്ച സമാനമായ തർക്കം ഉടലെടുത്തിരുന്നു. തൊഴിലാളികൾ ആവശ്യപ്പെട്ട 240 രൂപ നൽകാമെന്ന് കർഷകർ സമ്മതിച്ചതോടെയാണ് അവിടുത്തെ നെല്ല് നീക്കം ചെയ്യാനായത്. കൂലി ഏകീകരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുവാൻ കൃഷി വകുപ്പ് അധികൃതർ തയ്യാറാകണമെന്ന് പാടശേഖര സമിതി സെക്രട്ടറി അലക്സ് മന്നത്ത് ആവശ്യപ്പെട്ടു.