പത്തനാപുരം: സർക്കാരിന്റെ വാക്ക് വിശ്വസിച്ച് കൃഷിയിറക്കിയ നെൽകർഷകർക്ക് തിരിച്ചടി. കിഴക്കൻ മേഖലയിലെ നൂറു കണക്കിന് കർഷകരും പാടശേഖര സമിതികളും തീരാദുരിതം നേരിടുകയാണ്. കൃഷി വകുപ്പ് വാഗ്ദാനം ചെയ്ത സഹായം നിലച്ചതോടെ മിക്കവരും നെൽകൃഷി അവസാനിപ്പിക്കുകയാണ്. ഇരുപത് വർഷത്തിലധികമായി തരിശു കിടന്ന വിളക്കുടി പഞ്ചായത്തിലെ കല്‍പാലത്തിങ്കൽ ഏലായിൽ നെൽകൃഷി ചെയ്ത ഇളമ്പൽ സർവീസ് സഹകരണ ബാങ്ക് കൃഷിയുമായി മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയിലായി.
മൂന്ന് വർഷമായി ലഭിക്കേണ്ട സബ്സഡി മുടങ്ങിയതാണ് കൃഷി ഉപേക്ഷിക്കാൻ കാരണം.
നെൽകൃഷി പ്രോത്സാഹിപ്പിക്കാൻ കൃഷിവകുപ്പിന്റെ ഭാഗത്ത് നിന്നു യാതൊരു സഹായവും ഇവർക്ക് ലഭിക്കുന്നില്ല. തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനംപോലും കിട്ടാതായി. ഇളമ്പലിലെ
ഏഴേക്കറോളം വരുന്ന തരിശ് നിലത്തിലാണ് ബാങ്ക് കൃഷിയിറക്കിയത്. ആദ്യഘട്ടത്തിൽ പഞ്ചായത്ത് അടക്കമുളളവർ സഹായ വാഗ്ദാനങ്ങളുമായി രംഗത്തു വന്നെങ്കിലും പിന്നീട് തിരിഞ്ഞു നോക്കാതെയായി.
സബ്സിഡി സംബന്ധിച്ച് വിവരശേഖരണം നടത്തുന്നതിൽ കൃഷിഭവനുകൾ വീഴ്ച വരുത്തുന്നതാണ് ആനുകൂല്യങ്ങൾ മുടങ്ങാൻ ഇടയാക്കുന്നത്.
കൂലി, വളം, കീടനാശിനി തുടങ്ങിയവയ്ക്കുളള സബ്‌സിഡിയാണ് ലഭിക്കാനുള്ളത്. രണ്ട് വർഷമായി ആനുകൂല്യങ്ങളുടെ പ്രഖ്യാപനം മുറപോലെ നടന്നതല്ലാതെ സഹായം ലഭിച്ചിട്ടില്ല .
സർക്കാർ സബ്സിഡി ലഭിച്ചാൽ മാത്രമേ നെൽകൃഷി തുടരാനാകൂ. ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടുപോലും തിരിഞ്ഞു നോക്കുന്നില്ല.
കരിക്കത്തിൽ കെ.തങ്കപ്പൻ പിളള
ഇളമ്പൽ സർവീസ് സഹകരണ
ബാങ്ക് പ്രസിഡന്റ്