nk-premachandran

കൊല്ലം: മാരത്തോൺ ചർച്ചകൾക്കും കൂടിയാലോചനകൾക്കും കാത്തുനിൽക്കാതെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ആദ്യം പ്രഖ്യാപിക്കപ്പെട്ട മുന്നണി സ്ഥാനാർത്ഥി എന്ന ഭാഗ്യം തിരഞ്ഞെടുപ്പ് പോരാട്ടത്തിന് വലിയ ഊർജ്ജവും ആത്മവിശ്വാസവും പകരുന്നതാണെന്ന് ആർ.എസ്.പി നേതാവ് എൻ.കെ.പ്രേമചന്ദ്രൻ എം.പി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച കൊച്ചിയിൽ ചേർന്ന യു.ഡി.എഫ് സീറ്റ് വിഭജന ചർച്ചയിൽ കൊല്ലം സംബന്ധിച്ച് മറ്ര് ക്ലെയിമുകൾ ഒന്നുമില്ലായിരുന്നു. തുടർന്ന് കഴിഞ്ഞദിവസം ചേർന്ന ആർ.എസ്.പി സംസ്ഥാന കമ്മിറ്റി മറ്റൊരു സാധ്യത പോലും ആരായാതെ തന്നെ പ്രഖ്യാപിച്ചത് കഴിഞ്ഞ അഞ്ച് വർഷം സഭയ്ക്കുള്ളിലും മണ്ഡലത്തിലും നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുന്നണികൾ സീറ്റ് വിഭജന ചർച്ചകൾപോലും പൂർത്തിയാക്കുന്നതിന് മുമ്പ് ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട എൻ.കെ.പ്രേമചന്ദ്രൻ 'ഫ്ലാഷു'മായി സംസാരിക്കുന്നു:

വലിയ അംഗീകാരം

ഒരു മാസം മുമ്പ് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് മാദ്ധ്യമ പ്രവർത്തകരടെ ചോദ്യത്തിന് മറുപടിയായി തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതാണ്. അതിൽ അനൗചിത്യമുണ്ടെന്ന് വ്യാഖ്യാനിച്ച് ആരോ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടും ഇതേപ്പറ്റി ചോദിച്ചു. എന്നാൽ, ഞങ്ങളുടെ മനസിലുള്ളതാണ് ആർ.എസ്.പി സെക്രട്ടറി പറഞ്ഞത് എന്നായിരുന്നു ഇരുവരുടേയും പ്രതികരണം. ഇത് യു.ഡി.എഫ് എനിക്ക് തരുന്ന വലിയ അംഗീകാരമായിട്ടാണ് കാണുന്നത്.

വിജയ പ്രതീക്ഷ

വിജയ പ്രതീക്ഷയെക്കുറിച്ച് ചോദിച്ചപ്പോൾ മൂന്ന് ഘടകങ്ങളാണ് പ്രേമചന്ദ്രൻ ചൂണ്ടി കാട്ടിയത്.

ഒന്ന്: ദേശീയ തലത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പുത്തൻ ഉണർവിലാണ്. ബി.ജെ.പിയുടെ ഫാസി‌സ്റ്റ് - അഴിമതി ഭരണത്തിന് വിരാമം കുറിക്കാൻ രാഹുലിന്റെ നേതൃത്വത്തിന് കഴിയുമെന്ന വികാരം കൊല്ലത്തെ ജനതയും ഏറ്റെടുക്കും.

രണ്ട്: പിണറായി ഭരണം കേരള ജനതയെ സവർണരും അവർണരുമായി വിവിധ തട്ടുകളായി തിരിക്കുന്ന വിഭാഗീയ രാഷ്‌‌ട്രീയമാണ് കളിക്കുന്നത്. ഇത് പ്രബുദ്ധ കേരള ജനത മനസിലാക്കും. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് താനടക്കം യു. ഡി. എഫ് എടുത്ത നിലപാടിനും അംഗീകാരം ലഭിക്കും.

മൂന്ന്: അഞ്ച് വർഷം രാജ്യത്തിന്റെ നിയമ നിർമ്മാണ സഭയിൽ താൻ വിവിധ വിഷയങ്ങളിൽ ഇടപെട്ടതും സംവദിച്ചതും കൊല്ലത്തെ വോട്ടർമാർ കണ്ടതാണ്. ഇതിൽ 58 ലക്ഷത്തോളം വരുന്ന ഇ.പി.എഫ് പെൻഷൻകാരുടെ പ്രശ്‌‌നത്തിൽ മറ്രൊരു ജനപ്രതിനിധിക്കു പോലും അവകാശപ്പെടാൻ കഴിയാത്ത ഇടപെടലായിരുന്നു തന്റേത്. സ്വകാര്യ ബില്ലുകൾ കൊണ്ടുവന്നത് രാജ്യമാകെ ശ്രദ്ധിച്ചതാണ്. പാർലമെന്റേറിയനായി കടമ നിർവഹിക്കുമ്പോഴും കൊല്ലം മണ്ഡലത്തെ മറന്നില്ല. വികസന പ്രവർത്തനങ്ങൾക്ക് വലിയ ഊന്നൽ നൽകി. ലഭ്യമായ വേളകളിൽ മണ്ഡലത്തിൽ നിറ സാന്നിധ്യമാവാൻ കഴിഞ്ഞു. പൊതു പരിപാടികൾക്കൊപ്പം കൊല്ലം നിവാസികളുടെ സ്വകാര്യ ദുഃഖങ്ങളിൽ അവർക്കൊപ്പം നിലകൊണ്ടു. ആഘോഷ വേളകളിലും ഒപ്പമുണ്ടായിരുന്നു.

എതിർ സ്ഥാനാർത്ഥികൾ

തന്റെ അടുത്ത സുഹൃത്തായ സി.പി.എമ്മിലെ കെ.എൻ. ബാലഗോപാലായിരിക്കും എൽ.ഡി. എഫിന് വേണ്ടി രംഗത്തിറങ്ങുക എന്നാണ് സൂചന. എന്നാൽ ബി.ജെ.പി യിൽ ഇനിയും ചിത്രം വ്യക്തമായിട്ടില്ല. അടുത്തിടെ ബി.ജെ.പിയിൽ ചേർന്ന സി.വി.ആനന്ദബോസ് മത്സരിക്കാനുള്ള സാധ്യത കാണുന്നില്ല.

2014 തിരഞ്ഞെടുപ്പ് ഫലം

എൻ.കെ. പ്രേമചന്ദ്രൻ (ആർ.എസ്.പി).. 4,08,528

എം.എ. ബേബി (സി.പി.എം).... 3,70,879

പി.എം. വേലായുധൻ (ബി.ജെ.പി).. 58,671

പ്രേമചന്ദ്രന്റെ ഭൂരിപക്ഷം.. 37,649