കുന്നത്തൂർ: കൊട്ടാരക്കര - കരുനാഗപ്പള്ളി റൂട്ടിൽ കുന്നത്തൂർ പാലം മുതൽ സിനിമാപറമ്പ് വരെയുള്ള റോഡ് തകർന്നതുമൂലം ഗതാഗതം ദുരിതത്തിലായി. രാത്രിയിൽ ഇതുവഴി പോകുന്ന ഇരുചക്രവാഹന യാത്രികർ അപകടത്തിൽപ്പെടുന്നത് പതിവാണ്. പൈപ്പ്മുക്ക് മുതൽ സിനിമാപറമ്പ് വരെ റോഡ് നിറയെ കുണ്ടും കുഴിയുമാണ്. ആറ്റുകടവ് ഭാഗത്തെ കൊടുംവളവിനോട് ചേർന്നും പൂതക്കുഴി ഷാപ്പിനു മുൻവശത്തും രൂപപ്പെട്ട കുഴി നിരവധി അപകടങ്ങൾക്കും വാഹനങ്ങൾ തകരുന്നതിനും ഇടയാക്കുന്നുണ്ട്. സ്വകാര്യ-കെ.എസ്.ആർ.ടി.സി ബസുകളടക്കം മിനിട്ടുകളുടെ വ്യത്യാസത്തിൽ നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. പ്രളയത്തിനു ശേഷമാണ് റോഡ് പൂർണമായും തകർന്നത്. റോഡ് സഞ്ചാരയോഗ്യമാക്കാൻ അധികൃതർ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കൊട്ടാരക്കര മുതൽ ശാസ്താംകോട്ട വരെ റോഡ് വികസനം ആരംഭിച്ചെങ്കിലും കോട്ടാത്തലവരെ മാത്രമേ ചെറിയ തോതിലെങ്കിലും അറ്റകുറ്റപ്പണി നടന്നിട്ടുള്ളു. ഇത്തരത്തിൽ ഒച്ചിഴയുന്ന വേഗത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെങ്കിൽ കുന്നത്തൂരിലെ റോഡ് ഗതാഗത യോഗ്യമാവാൻ ഏറെ നാൾ കാത്തിരിക്കേണ്ടി വരും.
7 കിലോമീറ്ററോളം തകർന്നു
സിനിമാപറമ്പ് മുതൽ ഭരണിക്കാവിലേക്കുള്ള പാത വണ്ടിപ്പെരിയാർ ഹൈവേയും, കുന്നത്തൂർ പാലം മുതൽ പുത്തൂരിലേക്കുള്ള പാത ശിവഗിരി മിനി ഹൈവേയുമാണ്. ഇതിനിടയിലുള്ള 7 കിലോമീറ്ററോളം ഭാഗമാണ് തകർന്നു കിടക്കുന്നത്. സിനിമാപറമ്പ്, വഞ്ചിമുക്ക്, ഇടിഞ്ഞകുഴി, തൊളിക്കൽ, പൂതക്കുഴി ഷാപ്പ്, ആറ്റുകടവ് ജംഗ്ഷന് സമീപമുള്ള കൊടുംവളവ് തുടങ്ങിയ ഭാഗങ്ങളിൽ മുഴുവൻ റോഡ് കുണ്ടും കുഴിയുമാണ്.