കരുനാഗപ്പള്ളി: ദന്തൽ ചികിത്സാരംഗത്ത് നൂതന സാങ്കേതിക വിദ്യയുമായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ദന്തൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാത്രം ചെയ്യുന്ന ദന്തൽ ചികിത്സകൾ ഇനി താലൂക്ക് ആശുപത്രിയിലും ലഭിക്കും. ഇംപ്ലാന്റ് സപ്പോർട്ടഡ് ഡെഞ്ചറിനും, ഓവർ ഡെഞ്ചറിനും വൻകിട സ്വകാര്യ ആശുപത്രികളിൽ 5 ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്. എന്നാൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ 1 ലക്ഷം രൂപയ്ക്ക് ഈ ഓപ്പറേഷൻ നടത്താൻ കഴിയുമെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ഡോ. എ.ക്യു. ആസാദ് പറഞ്ഞു. ഇതിനാവശ്യമായ മെഷിനറികൾ 12 ലക്ഷം രൂപ ചെലവഴിച്ച് ഇറ്റലി, ഓസ്ട്രിയ എന്നീ രാജ്യങ്ങളിൽ നിന്ന് വരുത്തി ആശുപത്രിയിൽ സ്ഥാപിച്ച് കഴിഞ്ഞു. ശീതീകരിച്ച മുറിയിൽ കഴിഞ്ഞ ദിവസം മുതൽ ഡെന്റൽ കാസ്റ്റിംഗ് ആൻഡ് സിറാമിക് ലാബ് പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. പല്ലുകൾ കേട് വന്ന് മാറ്റേണ്ടി വന്നാൽ ലോഹം കൊണ്ട് നിർമ്മിച്ച പല്ലുകൾ വെയ്ക്കുന്ന ചികിത്സയാണ് ആധുനിക വൈദ്യശാസ്ത്രരംഗം അവലംബിക്കുന്നത്. ഊരി മാറ്റാവുന്ന വെപ്പ് പല്ലുകളേക്കാൾ കൂടുതൽ ഉറപ്പുള്ളതാണ് ലോഹം കൊണ്ട് നിർമ്മിച്ച പല്ലുകൾ. 5 ലോഹങ്ങൾ ചൂടിലുരുക്കിയെടുത്ത മിശ്രിതം ഉപയോഗിച്ചാണ് ലോഹങ്ങൾ കൊണ്ടുള്ള പല്ലുകൾ നിർമ്മിക്കുന്നത്. 5 ദിവസം കൊണ്ട് പല്ല് രൂപപ്പെടുത്താൻ കഴിയും. തുടർന്ന് ലോഹപ്പല്ലിന് മുകളിൽ പല്ലിന്റെ നിറമുള്ള സിറാമിക് പൂശും. ഇതിന് ശേഷം പല്ല് എല്ലിലോ, മോണയിലോ ഘടിപ്പിക്കുന്നതിന് സ്വകാര്യ ആശുപത്രിയിൽ 5000 രൂപ ഈടാക്കുമ്പോൾ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ 1000 രൂപ മാത്രമേ ഈടാക്കുകയുള്ളൂ. ലോഹപ്പല്ലുകൾ ഏറ്റവും കുറഞ്ഞത് 10 വർഷം വരെ കേടില്ലാതെ നിലനിൽക്കും. സിമാമിക് ലാബിന്റെ ഉദ്ഘാടനം ദിവസങ്ങൾക്ക് മുമ്പ് മന്ത്രി കെ.കെ. ശൈലജയാണ് നിർവഹിച്ചത്.
സംസ്ഥാന സർക്കാർ ഭരണത്തിലേറി 1000 ദിനങ്ങൾ പിന്നിടുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്.
ഡോ. തോമസ് അൽഫോൺസ്, ആശുപത്രി സൂപ്രണ്ട്
ലഭ്യമായ ദന്തൽ ചികിത്സകൾ
ഇൻലെ, ഓൺലെ, സിങ്കിൾ ക്രൗൺ, ഉറപ്പിച്ച് വെയ്ക്കാവുന്ന വെപ്പ് പല്ലുകൾ, ഇംപ്ലാന്റ് സപ്പോർട്ടഡ് ഡെഞ്ചർ, ഓവർ ഡെഞ്ചർ, കാസ്റ്റ് റിമൂവബിൾ പാർശ്വൽ ഡെഞ്ചർ, കാസ്റ്റ് കംപ്ലീറ്റ് ഡെഞ്ചർ, പ്രിസിപ്പൻ അറ്റച്ച്മെന്റ്, പോസ്റ്റ് ആൻഡ് കോർ, കാസ്റ്റ് ആർ.പി.ഡി സപ്പോർട്ടഡ് ഒപ്ചുറേറ്റർ എന്നീ ദന്തൽ ചികിത്സകൾ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ കുറഞ്ഞ നിരക്കിൽ ചെയ്യാം.