പുനലൂർ: പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പുനലൂരിലെ റവന്യൂ ജീവനക്കാരുടെ സ്ഥലം മാറ്റത്തിന്റെ മറവിൽ അനധികൃതമായി കുന്നിടിച്ച് മണ്ണ് കടത്തുന്നത് വ്യാപകമാവുന്നു. വെട്ടിപ്പുഴയിലെ എം.എൽ.എ റോഡിനോട് ചേർന്നുള്ള സ്ഥലത്തെ കുന്നിടിച്ചാണ് മണ്ണ് കടത്തുന്നതും നീർത്തടങ്ങൾ നികത്തുന്നതും. രണ്ട് മാസം മുമ്പ് ഇവിടെ അനധികൃതമായി കുന്നിടിച്ച് മണ്ണ് കടത്താൻ ശ്രമിച്ചതിന് റവന്യൂ അധികൃതർ എത്തി സ്റ്റോപ്പ് മെമ്മോ നൽകിയുന്നു. എന്നാലിപ്പോൾ വീണ്ടും കുന്നിടിക്കലും മണ്ണ് കടത്തലും വ്യാപകമായിരിക്കുകയാണ്. നഗരമദ്ധ്യത്തിലെ കുന്നിടിക്കലിനും മണ്ണുകടത്തലിനുമെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും ബന്ധപ്പെട്ടവർ ഇത് നിറുത്തി വയ്പ്പിക്കാൻ തയ്യാറാകാത്തതാണ് പ്രശ്നം. കഴിഞ്ഞ മാസം ഐക്കരക്കോണം റോഡിന് സമീപത്ത് കുന്നിടിച്ച് നീർത്തടം നികത്താൻ ഉപയോഗിച്ച ജെ.സി.ബിയും ടിപ്പറും പുനലൂർ എസ്.ഐ ജെ. രാജീവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയിരുന്നു. എന്നാൽ മണ്ണ് കൊണ്ട് പോകാൻ ജിയോളജി വകുപ്പിൽ നിന്നുള്ള അനുമതി വാങ്ങിയിട്ടുണ്ടെന്നാണ് അധികൃതർ അറിയിച്ചത്.
സ്ഥലം മാറ്റം
രണ്ട് ദിവസം മുമ്പ് പുനലൂരിലെ ആർ.ഡി.ഒ, തഹസിൽദാർ എന്നിവരടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം ഉണ്ടായി. ഇതിൻെറ മറവിലാണ് പകലും രാത്രിയിലുമായി കുന്നിടിച്ച് മണ്ണ് കടത്തുന്നത്. ഇനി രണ്ട് ദിവസം ഓഫീസുകൾക്ക് അവധിയായത് കാരണം കുന്നിടിക്കലും നീർത്തടം നികത്തലും വ്യാപകമാകും.