bus-stand
എസ്.എൻ കോളേജ് ജംഗ്ഷനിൽ നിർമ്മാണം പൂർത്തിയായ ഹൈടെക് ബസ് ഷെൽട്ടർ മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു

# എസ്.എൻ കോളേജ് ജംഗ്ഷനിലെ ബസ് ഷെൽട്ടറുകൾ ഉദ്ഘാടനം ചെയ്തു

കൊല്ലം: നഗരത്തിൽ നിർമ്മിക്കുന്ന ഹൈടെക് ബസ് ഷെൽട്ടറുകളിൽ എ.ടി.എം കൗണ്ടറുകളും സ്ഥാപിക്കും. കൗണ്ടറുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ബാങ്കുകൾക്ക് നഗരസഭ കത്ത് നൽകി.

കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിൽ നിർമ്മാണം പൂർത്തിയായ ഹൈടെക് ബസ് ഷെൽട്ടറുകൾ മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.എ. സത്താർ, ചിന്ത എൽ. സജിത്ത്, ഗീതാകുമാരി, ഷീബ ആന്റണി തുടങ്ങിയവർ പങ്കെടുത്തു. മികച്ച ഇരിപ്പിടങ്ങൾക്ക് പുറമെ ഫ്രീ വൈഫൈ, സി.സി.ടി.വി, എഫ്.എം റേഡിയോ, എൽ.ഇ.ഡി ഡിസ്‌പ്ളേ. കുടിവെള്ളം, നഗരസഭയുടെ പരാതിപ്പെട്ടി തുടങ്ങിയ സംവിധാനങ്ങളാണ് ബസ് ഷെൽട്ടറിലുള്ളത്. എ.ടി.എം കൗണ്ടർ സ്ഥാപിക്കാനുള്ള സ്ഥലവും ക്രമീകരിച്ചിട്ടുണ്ട്.

എ.ആർ ക്യാമ്പിന് സമീപം രണ്ട് ഹൈടെക് ബസ് ഷെൽട്ടറുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ദേശീയപാതയിൽ മേവറം മുതൽ ശക്തികുളങ്ങര വരെ ആകെ 55 കേന്ദ്രങ്ങളിലാണ് ഹൈടെക് ബസ് ഷെൽട്ടറുകൾ നിർമ്മിക്കുന്നത്. ഓരോ ബസ് ഷെൽട്ടറിലും വ്യത്യസ്ത ബാങ്കുകളുടെ എ.ടി.എമ്മുകളാകും സ്ഥാപിക്കുക.