പുനലൂർ: പുനലൂർ കാര്യറ-ചൗക്ക റോഡിന് സമീപത്തെ റെയിൽവേ അടിപ്പാതയിലെ അപ്രോച്ച് റോഡിന് സ്വകാര്യ ഭൂമി സർക്കാർ ഏറ്റെടുത്തു. ഉടമകൾ സമ്മതം നൽകാത്തതിനാൽ നോട്ടീസ് പതിച്ച് ഏറ്റെടുക്കുകയായിരുന്നു. ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം പുനലൂർ ആർ.ഡി.ഒ നിജാജിന്റെ നേതൃത്വത്തിലായിരുന്നു ഏറ്റെടുക്കൽ. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ കെട്ടിടങ്ങളും കച്ചവട സ്ഥാപനങ്ങളും പൊളിച്ച് നീക്കിയശേഷം അപ്രോച്ച് റോഡ് പണി ഉടൻ ആരംഭിക്കുകയും ചെയ്തു. പൊലീസ് അകമ്പടിയോടെയായിരുന്നു നടപടികൾ.
ശ്രീകുമാർ, ഖദീജാബീവി എന്നിവരുടെ പേരിലുള്ള 14.5സെൻറ് ഭൂമിയാണ് ഏറ്റെടുത്തത്. സമീപവാസിയായ മറ്റൊരാളുടെ ഭൂമി ഏറ്റെടുക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്. അടുത്ത മാസം ഇത് ഏറ്റെടുക്കും.
മൂന്നു ദിവസം മുമ്പ് ഡെപ്യൂട്ടി ജില്ലാ കളക്ടർ (എൽ-എ) ജി.ഉഷാകുമാരിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ എത്തി ഉടമകളോട് പണം കൈപ്പറ്റാനും, മഹസറിൽ ഒപ്പ് വയ്ക്കാനും ആവശ്യപ്പെട്ടിരുന്നു. അവർ അതിന് തയ്യാറായില്ല. തുടർന്ന് വീട്ടിൽ നോട്ടീസ് പതിച്ചശേഷം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. വെളളിയാഴ്ച വസ്തുവിന്റെ വില ജില്ലാ കോടതിയിൽ കെട്ടിവച്ചശേഷം ഇന്നലെ ഭൂമി ഏറ്റെടുക്കുകയായിരുന്നു.
നഗരസഭ ചെയർമാൻ കെ.രാജശേഖരൻ, മുൻ ചെയർമാൻ എം.എ.രാജഗോപാൽ, പൊതുമരാമത്ത് വകുപ്പ് അസി.എക്സിക്യൂട്ടീവ് എൻജിനീയർ ജലജ, ജില്ലാ ലാൻഡ് അക്വിസേഷൻ ഓഫീസർ സുധാകരൻ പിള്ള , പുനലൂർ എസ്.ഐ.ജെ.രാജീവ് തുടങ്ങിയവർ ഭൂമി ഏറ്റെടുക്കാൻ എത്തിയിരുന്നു.
മൂന്നുവർഷം മുമ്പ്
തീരേണ്ട പണി
പുനലൂർ-ചെങ്കോട്ട റെയിൽ ഗേജ് മാറ്റത്തിന്റെ ഭാഗമായി കാര്യറ-ചൗക്ക റോഡിന് സമീപത്ത് മൂന്നു വർഷം മുമ്പ് അടിപ്പാതയുടെ പണികൾ പൂർത്തിയാക്കിയിരുന്നു. ലെവൽക്രോസ് ഒഴിവാക്കാനായി അടിപ്പാതയോട് ചേർന്ന് അപ്രോച്ച് റോഡിന് സമീപവാസികൾ ഭൂമി വിട്ടു നൽകിയിരുന്നില്ല. ഇതിനായി സർക്കാർ 3.75കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. സർക്കാർ നിശ്ചയിച്ച വിലയ്ക്ക് ഭൂമി നൽകാൻ ഉടമകൾ തയ്യാറായില്ല. സ്ഥലം എം.എൽ.എയായ മന്ത്രി കെ.രാജുവിന്റെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തിൽ നിരവധി തവണ യോഗം വിളിച്ചെങ്കിലും ഇവർ ഭൂമി നൽകാൻ തയ്യാറായില്ല. ഇതേത്തുടർന്നാണ് ഭൂമി റ്റെടുക്കലിലേക്ക് സർക്കാർ കടന്നത്.