rajavembalayumay-vava-sur
ചാലിയക്കര ഇരുട്ടിതറ ഗിരിജൻ കോളനിയിൽ രാജന്റെ വീട്ടിലെ കിടപ്പുമുറിയിൽ നിന്ന് പിടിച്ച രാജവെമ്പാലയുമായ് വാവാസുരേഷ്

പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ ജനവാസ മേഖലയായ കഴുതുരുട്ടിയിലും മാമ്പഴത്തറയിലും ഇറങ്ങിയ രണ്ട് രാജവെമ്പാലകളെ വാവ സുരേഷ് പിടികൂടി.

മാമ്പഴത്തറ ഇരുട്ടുത്തറ ഗിരിജൻ കോളനിയിലെ ബാബുവിന്റെ കിടപ്പ് മുറിയിലെ കട്ടിലിന്റെ അടിയിൽ കയറി കിടക്കുകയായിരുന്നു പത്തടി നീളമുള്ള പെൺ രാജവെമ്പാല. മുറി വൃത്തിയാക്കുമ്പോഴാണ് കണ്ടത്.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

കഴുതുരുട്ടി ജംഗ്ഷനിൽ ഉത്തമന്റെ വീട്ടിലെ അടുക്കള വഴി അകത്തു കടക്കാനായിരുന്നു പതിനഞ്ചടി നീളമുള്ള ആൺ രാജവെമ്പാലയുടെ ശ്രമം. ഇതുകണ്ട വീട്ടുകാർ പാമ്പിനെ വിരട്ടി അകറ്റി. അതോടെ രാജവെമ്പാല ദേശീയ പാതയിലേക്കിറങ്ങി. വഴിയിൽ പതുങ്ങി. തുടർന്ന് വാവാ സുരേഷിനെ വിളിച്ചു വരുത്തുകയായിരുന്നു.

സ്ഥലത്തെത്തിയ ആര്യങ്കാവ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ സതീശന്റെ നേതൃത്വത്തിൽ രണ്ട് രാജവെമ്പലകളെയും വനത്തിൽ കൊണ്ടുവിട്ടു. ഇതോടെ താൻ പിടിച്ച രാജവെമ്പാലകളുടെ എണ്ണം 159 ആയെന്ന് വാവാ സുരേഷ് പറഞ്ഞു.വേനൽ കടുത്തതും പുഴകളിൽ ജലം കുറഞ്ഞതും കാരണമാണ് ഇവ ജനവാസമേഖലകളിലേക്ക് ഇറങ്ങുന്നതെന്ന് വനപാലകർ പറയുന്നു.