mining-

കൊല്ലം: തീരദേശ കരിമണൽ ഖനനം പൊതുമേഖലയിൽ മാത്രമാക്കി കേന്ദ്ര വിജ്ഞാപനം. സ്വകാര്യ മേഖലയിലും ഉപാധികളോടെ കരിമണൽ ഖനനമാകാം എന്ന മുൻ ഉത്തരവിൽ ഭേദഗതി വരുത്തിയാണ് പുതിയ വിജ്ഞാപനം.

നിലവിൽ കേരളത്തിൽ സ്വകാര്യ കമ്പനികൾക്ക് കരിമണൽ ഖനനത്തിന് അനുമതി നൽകിയിട്ടില്ലെങ്കിലും തമിഴ്നാട്,​ ആന്ധ്ര സംസ്ഥാനങ്ങളിലെ രണ്ടു സ്ഥാപനങ്ങൾ കൊല്ലം, ആലപ്പുഴ തീരമേഖലകളിൽ നിന്ന് ധാതുമണൽ ശേഖരിക്കുന്നുണ്ട്. കേരളത്തിലും സ്വകാര്യ മേഖലയിൽ കരിമണൽ ഖനനമാകാം എന്ന നിലയിൽ ചർച്ചകൾ തുടരുന്നതിനിടെയാണ് സ്വകാര്യ മേഖലയ്‌ക്ക് തിരിച്ചടിയാകുന്ന പുതിയ ഉത്തരവ്. വ്യാവസായിക പ്രാധാന്യമുള്ളതും തന്ത്രപ്രധാന മൂല്യമുള്ളതുമായ ധാതുക്കൾ അടങ്ങിയ കരിമണൽ നിക്ഷേപം ഏറ്റവും അധികമുള്ളത്

കേരളം, തമിഴ്നാട്, ഒഡിഷ സംസ്ഥാനങ്ങളിലെ തീരപ്രദേശത്താണ്. സംസ്ഥാനതത് കൊല്ലത്ത് നീണ്ടകര മുതൽ ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി വരെയുള്ള തീരദേശത്താണ് കരിമണൽ നിക്ഷേപം. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ചവറ ഐ.ആർ.ഇയും, സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്ലും മാത്രമാണ് സംസ്ഥാനത്ത് ധാതുമണൽ ഖനനം നടത്തുന്നത്.

കൊല്ലം തീരത്തെ കരിമണലിൽ, ആണവ പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്ന യുറേനിയവും തോറിയവും വേർതിരിച്ചെടുക്കുന്ന റേഡിയോ ആക്ടീവ് മൂലകമായ മോണോസൈറ്റിന്റെ സാന്നിദ്ധ്യമുണ്ട്. കൂടാതെ തന്ത്രപ്രധാന മൂലകങ്ങളായ ഇൽമനൈറ്റ്, റൂട്ടൈൽ, സിർക്കോൺ, സിലിമനൈറ്റ് എന്നിവയും കരിമണലിലുണ്ട്.

പഴുതില്ലാത്ത ഉത്തരവ്

കരിമണലിൽ മോണസൈറ്റിന്റെ അളവ് 0.75 ശതമാനത്തിൽ താഴെയാണെങ്കിൽ മാത്രം സ്വകാര്യ സ്ഥാപനത്തിന് ഖനനം നടത്താമെന്നായിരുന്നു 2016- ൽ കേന്ദ്ര സർക്കാർ ഇറക്കിയ ഉത്തരവ്. ഈ പഴുത് ഉപയോഗിച്ചാണ് ചില സ്വകാര്യ സ്ഥാപനങ്ങൾ ഖനനം നടത്തിവന്നത്. പുതിയ ഉത്തരവ് പ്രകാരം ഖനനം പൂർണമായും പൊതുമേഖലയ്‌ക്കു മാത്രമാകും