നൂറനാട്: ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ദേശീയതലത്തിൽ സംഘടിപ്പിച്ച സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2019 മത്സരങ്ങൾക്ക് നൂറനാട് ശ്രീബുദ്ധാ കോളേജ് ഒഫ് എൻജിനിയറിംഗിൽ തുടക്കമായി. ശ്രീബുദ്ധാ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ പ്രൊഫ.കെ. ശശികുമാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.എസ്. സുരേഷ് ബാബു, സെക്രട്ടറി ഡോ.കെ.ബി. മനോജ്, ട്രഷറർ കെ.കെ. ശിവദാസൻ, ജോയിന്റ് സെക്രട്ടറി മുരളീധരൻ എന്നിവർ പങ്കെടുത്തു.
തൽസമയ വീഡിയോയിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമാനവ വിഭവശേഷി വികസനവകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കർ, അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ ചെയർമാൻ ഡോ. അനിൽ സഹസ്രബുദ്ധേ തുടങ്ങിയവർ ഹാക്കത്തോൺ മത്സരാർത്ഥികളെ അഭിസംബോധന ചെയ്തു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഇരുന്നൂറോളം വിദ്യാർത്ഥികൾ 28 ടീമുകളിലായി മൽസരത്തിൽ മാറ്റുരച്ചു തുടങ്ങി. 36 മണിക്കൂർ തുടരുന്ന ഹാക്കത്തോണിൽ തെർമോഫിഷർ, സിസ്‌കോ, അമേഡ്യസ് എന്നീ കമ്പനികൾ നിർദ്ദേശിച്ച പ്രശ്‌നങ്ങൾക്ക് ഡിജിറ്റൽ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ നൂതന പരിഹാരമാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളാണ് വിദ്യാർത്ഥികൾ നടത്തുന്നത്. മത്സരവിജയികൾക്ക് രണ്ടേകാൽ ലക്ഷം രൂപയുടെ സമ്മാനത്തുക ലഭിക്കുന്ന ഹാക്കത്തോൺ ഇന്ന് രാത്രി 9ന് സമാപിക്കും.