കുന്നത്തൂർ: രാജ്യം നേരിടുന്ന വെല്ലുവിളികളിൽ ജാഗ്രത പുലർത്തണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ. പോരുവഴി പഞ്ചായത്തിലെ സ്‌കൂളുകളിലെ സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമ്പോൾ തന്നെ രാജ്യത്തിന്റെ സുരക്ഷയും ജനങ്ങളുടെ സുരക്ഷയും ഒരുമിപ്പിച്ച് കൊണ്ടു പോകണമെന്നും മന്ത്രി പറഞ്ഞു.
പോരുവഴി വടക്കേമുറി എസ്.കെ.വി എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാമണി, പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷീജ, വൈസ് പ്രസിഡന്റ് ബി. ബിനീഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സഹദേവൻ പിള്ള, ആർ. രാധ, സി. ഗീത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്. ശിവൻപിള്ള, അക്കരയിൽ ഹുസൈൻ, പഞ്ചായത്ത് അംഗങ്ങളായ ടി. മണി, കെ.പി.ഫിറോസ്, ജയ പ്രസന്നൻ, ഷിബു, ഷംസുദീൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പഞ്ചായത്തിലെ വിവിധ കലാകാരൻമാരെ പൊന്നാട അണിയിച്ച് ആദരിച്ചു.