കടയ്ക്കൽ: ചിതറ വളവുപച്ചയിൽ മരച്ചീനി വ്യാപാരിയായ സി.പി.എം പ്രവർത്തകൻ കുത്തേറ്റു മരിച്ചു. സി.പി.എം വളവുപച്ച ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന മഹാദേവക്കുന്നു തടത്തരുകത്ത് വീട്ടിൽ എ.എം. ബഷീറാണ് (70) കൊല്ലപ്പെട്ടത്. വളവുപച്ച കൊച്ചുകോടന്നൂർ മുബീന മൻസിലിൽ ഷാജഹാനെ (60) കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് 3 മണിക്കായിരുന്നു സംഭവം. വർഷങ്ങളായി കടയ്ക്കൽ മാർക്കറ്റിൽ മരച്ചീനി വ്യാപാരം നടത്തുന്ന ബഷീർ ഇന്നലെ കച്ചവടം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേ വഴിയിൽ നിൽക്കുകയായിരുന്ന ഷാജഹാൻ മരച്ചീനി ആവശ്യപ്പെട്ടു. ഇല്ലെന്നു പറഞ്ഞയുടൻ ഷാജഹാൻ ബഷീറിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞു. തുടർന്ന് വീട്ടിലേക്ക് പോയ ബഷീർ കുളിക്കാൻ തുടങ്ങവേ അവിടെ എത്തിയ ഷാജഹാൻ കൈയേറ്റം ചെയ്തശേഷം കൈവശം ഉണ്ടായിരുന്ന കത്തിയെടുത്തു തലങ്ങും വിലങ്ങും കുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ നിലയിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിവിവാഹിതനായ ബഷീർ സഹോദരങ്ങളോടൊപ്പമായിരുന്നു താമസം. ഷാജഹാനെ നാട്ടുകാർ തടഞ്ഞുവച്ചു പൊലീസിനെ ഏല്പിച്ചു. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് കാനൂർ ജമാ അത്ത് പള്ളിയിൽ കബറടക്കും.
ഫോട്ടോ - കൊല്ലപ്പെട്ട ബഷീർ