charamam
(2) മരിച്ച സൂസമ്മയുടെ പടം

ഓയൂർ : ഒരാഴ്ച മുമ്പ് പള്ളിവികാരിയുടെ എതിർപ്പിനെ തുടർന്ന് മുടങ്ങിയ വയോധികയുടെ സംസ്കാരം ഇന്നലെ പൊലീസ് സംരക്ഷണയിൽ പൂയപ്പള്ളി പുന്നക്കോട് വരിഞ്ഞവിള സെന്റ് ജോർജ് ഓർ‍ത്തഡോക്സ് സുറിയാനി പള്ളി സെമിത്തേരിയിൽ നടത്തി. ഓർത്തഡോക്സ് വിഭാഗവും യാക്കോബായ വിഭാഗവും തമ്മിൽ ചേരി തിരിഞ്ഞതിനാൽ സംഘർഷം ഉടലെടുത്തിരുന്നു. കളക്ടറുടെ ഉത്തരവ് പ്രകാരം കൊട്ടാരക്കര തഹസീൽദാരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ.

പള്ളിയിലെ വികാരിയായ ഫാ. കോശി ജോർജിന്റെ പിതൃസഹോദരന്റെ മകളും പുനലൂർ കാട്ടുവിള ബംഗ്ലാവിൽ ഫിലിപ് സി.മാത്യുവിന്റെ ഭാര്യയുമായ സൂസമ്മയുടെ സംസ്കാര ചടങ്ങാണ് വിവാദത്തിലായത്.

പത്ത് വർഷം മുമ്പ് ഈ പള്ളി സെന്റ് മേരീസ് യാക്കോബാ പള്ളി ആയിരുന്നുവെന്നും ഇടവക വികാരി തന്നിഷ്ടപ്രകാരം സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് സഭയുമായി ലയിപ്പിക്കുകയായിരുന്നുവെന്നും സൂസമ്മയുടെ ബന്ധുക്കൾ പറയുന്നു.

ഫെബ്രുവരി 24 നാണ് സൂസമ്മ മരിച്ചത്. മുൻപ് വരിഞ്ഞവിള പള്ളിയിലെ അംഗവും, ഇവിടത്തെ സ്വത്തിന്റെ അവകാശികൂടിയായിരുന്ന സൂസമ്മ മൃതദേഹം തന്റെ പിതാവ് യോഹന്നാനെ അടക്കം ചെയ്തിരിക്കുന്ന വരിഞ്ഞവിള പള്ളി സെമിത്തേരിയിൽ വേണമെന്ന് മക്കളോടും ബന്ധുക്കളോടും പറഞ്ഞിരുന്നു. എന്നാൽ, വരിഞ്ഞവിള വികാരി ഫാ. കോശി ജോർജ്, ഇടവകയിൽ അംഗത്വമില്ലാത്തയാളെ അടക്കാൻ കഴിയില്ലെന്നു പറഞ്ഞ് തടയുകയായിരുന്നു. സൂസമ്മയുടെ മകൾ മെറീന ജില്ലാ കളക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൃതദേഹം ഇന്നലെ വരിഞ്ഞവിള പള്ളിയിൽ വ്യവസ്ഥകളോടെ അടക്കാൻ ഉത്തരവിട്ടിരുന്നു.

ഇന്നലെ രാവിലെ 7.30ന് മൃതദേഹവുമായി പള്ളിക്ക് മുന്നിലെത്തിയ ബന്ധുക്കളും നാട്ടുകാരും മരണാനന്തര ശുശ്രൂഷകൾക്കായി മറിയാമ്മയുടെ സഹോദരിയുടെ പുരയിടത്തിൽ പന്തൽകെട്ടാൻ ആരംഭിച്ചെങ്കിലും ഫാ.കോശി ജോർജ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. പള്ളി വികാരിയെ അനുകൂലിച്ചും ഒരു വിഭാഗം രംഗത്ത് എത്തി. പൊലീസെത്തി ഇരുകൂട്ടരുമായി ചർച്ച നടത്തിയതിനെ തുടർന്ന് പന്തൽ പൊളിച്ച് റോഡരികിൽ ടാർപ്പാളിൻ കെട്ടി സംസ്‌കാരശുശ്രൂഷ നടത്തുകയായിരുന്നു. മൃതദേഹവുമായി വിലാപയാത്രയായി സെമിത്തേരിക്ക് സമീപമെത്തിയപ്പോൾ അമ്പത് പേർ കയറാനേ കളക്ടറുടെ ഉത്തരവുള്ളൂ എന്നു പറഞ്ഞ് തടഞ്ഞതും സംഘർഷം സൃഷ്ടിച്ചു. തുടർന്ന് പൊലീസ് സംരക്ഷണയിൽ ഒരു മണിയോടെ സംസ്‌കാരം നടത്തി.
കൊട്ടാരക്കര തഹസീൽദാർ എൻ.കെ.അനിൽകുമാർ, എഴുകോൺ സി.ഐ ബിനുകുമാർ, പൂയപ്പള്ളി എസ്.ഐ.രാജേഷ്‌കുമാർ, എഴുകോൺ എസ്.ഐ.ബാബു കുറുപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘ

ത്തിന്റെ സംരക്ഷണയിലായിരുന്നു സംസ്കാര ചടങ്ങുകൾ.