കൊല്ലം: പെരുമ്പുഴ പഴങ്ങാലം ആർ. ശങ്കർ സ്മാരക ഹൈസ്കൂളിന്റെ 35-ാം വാർഷികാഘോഷം പ്രൗഢമായ ചടങ്ങുകളോടെ നടന്നു. സ്കൂൾ ഒാഡിറ്റോറിയത്തിൽ നടന്ന സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരെ ആദരിക്കലും അവർഡ് വിതരണവും നടന്നു. മേയർ വി. രാജേന്ദ്രബാബു അവാർഡുകൾ വിതരണം ചെയ്തു. നെടുമ്പന പഞ്ചായത്ത് പ്രസിഡന്റ് നാസറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. 2018- 19 അദ്ധ്യയന വർഷത്തെ സ്കൂൾ പ്രവർത്തനങ്ങളുടെ വാർത്താപത്രികയായ വിപഞ്ചിക എന്ന കുട്ടിപ്പത്രത്തിന്റെ ഉദ്ഘാടനവും നടന്നു. മുൻ വർഷങ്ങളിൽ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ മിടുക്കരായ വിദ്യാർത്ഥികൾക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് എസ്. ബീന റിപ്പോർട്ട് അവതരിപ്പിച്ചു. പുത്തൂർ ആയുർവേദ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ബിനി ഉപേന്ദ്രൻ, സ്കൂൾ മാനേജർ എൻ. വിനോദ്ലാൽ എന്നിവർ കാഷ് അവാർഡുകൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് അഡ്വ. രഘു നല്ലില സ്വാഗതം പറഞ്ഞു. വിദ്യാർത്ഥികളും നാട്ടുകാരും രക്ഷാകർത്താക്കളും പൂർവ വിദ്യാർത്ഥികളും അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.