കരുനാഗപ്പള്ളി ദേശീയപാതയ്ക്ക് സമാന്തരമായി തീരദേശത്തു കൂടി കടന്ന് പോകുന്ന പ്രധാന റോഡ്
കരുനാഗപ്പള്ളി: പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇഴഞ്ഞ് നീങ്ങിയ ആലുംകടവ് - പത്മനാഭൻ ജെട്ടി റോഡിന് ഒടുവിൽ ശാപമോക്ഷമാവുന്നു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ സജീവമായത്. ആലുംകടവ് മുതൽ തെക്കോട്ട് റോഡിന്റെ ടാറിംഗ് ജോലികൾ പുരോഗമിക്കുകയാണ്. റോഡിന്റെ വശങ്ങളിലുള്ള ഓടകളുടെയും കോഴിക്കോട് മിൽമാ ജംഗ്ഷനിലെ കലുങ്കിന്റെയും നിർമ്മാണം പൂർത്തിയായി. 6 വർഷങ്ങൾക്ക് മുമ്പാണ് റോഡിന്റെ പുനരുദ്ധാരണത്തിനുള്ള റിപ്പോർട്ട് തയ്യാറാക്കിയത്. 4.2 കീലോമീറ്റർ റോഡ് ടാർ ചെയ്ത് കലുങ്കും ഓടകളും സൈൺ ബോർഡുകളും നിർമ്മിക്കുന്നതിന് 3.50 കോടി രൂപ അനുവദിച്ചു. ടെന്റർ നടപടി പൂർത്തിയാക്കി രണ്ട് വർഷങ്ങൾക്ക് മുമ്പാണ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ആലുംപീടികയിൽ നിന്നുള്ള തീരദേശ റോഡിന്റെ ഭാഗമാണ് ആലുംകടവ് - പത്മനാഭൻ ജെട്ടി റോഡ്. റോഡിന്റെ പണി ആരംഭിച്ചെങ്കിലും സാങ്കേതികകാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു. നിലവിലുള്ള റോഡിന്റെ മെറ്റിൽ ജെ.സി.ബി ഉപയോഗിച്ച് ഇളക്കി മാറ്റിയതോടെ യാത്ര ദുഷ്ക്കരമായി. മാസങ്ങളോളം പണി നിറുത്തി വെച്ചതോടെ നാട്ടുകാരുടെ ജീവിതം കൂടുതൽ ദുരിതപൂർണമായി. ഇതേക്കുറിച്ച് കേരളകൗമുദി പത്രത്തിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് റോഡ് പണിക്ക് വീണ്ടും ജീവൻ വെച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ റോഡിന്റെ ടാറിംഗ് പൂർണമാകും. കരുനാഗപ്പള്ളി ദേശീയപാതയ്ക്ക് സമാന്തരമായി തീരദേശത്തു കൂടി കടന്ന് പോകുന്ന പ്രധാന റോഡാണിത്.