പത്തനാപുരം : ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്നും ദിനംപ്രതി ടൺ കണക്കിന് ചക്കകൾ അതിർത്തി കടക്കുന്നു. പ്രധാനമായും തമിഴ്‌നാട്ടിലേക്കാണ് ചക്കകൾ ദിവസേന കയറ്റുമതി ചെയ്യുന്നത്. കേരളത്തിൽ ചക്കയുടെ സീസൺ ആകുന്നതോടെ ഇതരസംസ്ഥാനങ്ങളിൽ നിന്ന് മൊത്തക്കച്ചവടക്കാരെത്തിയാണ് കച്ചവടം ഉറപ്പിക്കുന്നത്. ഉൾപ്രദേശങ്ങളിൽ നിന്ന് ശേഖരിക്കുന്ന ചക്കകൾ ദേശീയ പാതയോരത്ത് എത്തിച്ച ശേഷമാണ് തമിഴ്‌നാട്ടിലേക്ക് കയറ്റി അയക്കുന്നത്. കറവൂർ, ചെമ്പനരുവി, അച്ചൻകോവിൽ, ചാലിയക്കര, പാടം എന്നീ പ്രദേശങ്ങളിൽ നിന്നാണ് ചക്കകൾ അധികവുമെത്തുന്നത്. കഴിഞ്ഞ സീസണിൽ കിഴക്കൻ മേഖലയിൽ നിന്ന് വൻതോതിൽ ചക്ക ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു. ഇത്തവണ സീസൺ ആരംഭിച്ചപ്പോൾ തന്നെ ആവശ്യക്കാരേറെയുണ്ടെന്ന് വ്യാപാരികൾ പറയുന്നു. വനമേഖലയിൽ നിന്ന് ചക്കകൾ ശേഖരിച്ചുകൊണ്ട് വിൽക്കുന്ന മൊത്തക്കച്ചവടക്കാരും സജീവമായി.
വരിക്ക ചക്കയ്ക്ക് ആവശ്യക്കാരേറെ
വരിക്ക ചക്കയ്ക്കാണ് ആവശ്യക്കാരേറെയുള്ളത്. 100 രൂപയ്ക്ക് മുകളിലാണ് ഒരു ചക്കയുടെ വില. എന്നാൽ തമിഴ്‌നാട്ടിലെത്തുന്നതോടെ ചക്കയുടെ വില വീണ്ടും വർദ്ധിക്കും. അവിടെ ചക്കച്ചുളയ്ക്കാണ് വില. പഴുത്ത വരിക്കച്ചക്കയുടെ ചുളയൊന്നിന് അഞ്ച് രൂപ മുതൽ പത്ത് രൂപ വരെയാണ് വില. വരിക്ക, തേൻ വരിക്ക, ചെമ്പരത്തി വരിക്ക, കൂഴ എന്നിങ്ങനെ പലതരത്തിലുള്ള ചക്കകൾ കിഴക്കൻ മേഖലയിൽ നിന്ന് കയറ്റി അയക്കുന്നുണ്ട്.