തൊടിയൂർ: നിർദ്ധനരും രോഗികളുമായ 5 സ്ത്രീകൾ മാത്രമുൾപ്പെടുന്ന കുടുംബത്തിനായി തൊടിയൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് അയൽക്കൂട്ടം നിർമ്മിച്ചു നൽകിയ സ്നേഹവീടിന്റെ താക്കോൽ ആർ. രാമചന്ദ്രൻ എം.എൽ.എ കുടുംബനാഥയായ കാർത്യായനിക്ക് കൈമാറി.
തൊടിയൂർ മുഴങ്ങോടി കിഴക്കടത്ത് വടക്കതിൽ പരേതനായ നാണു ആചാരിയുടെ ഭാര്യയാണ് കാർത്യായനി (68). ഇവരുടെ സഹോദരി ഭാർഗവി, മക്കളായ കമലാദേവി, പുഷ്പലത, ചെറുമകൾ ലക്ഷ്മി എന്നിവരുൾപ്പെട്ട കുടുംബം വർഷങ്ങളായി പുലിയൂർ വഞ്ചിയിൽ വാടക വീട്ടിലാണ് താമസം. സിവിൽ എൻജിനിയറിംഗിന് പഠിക്കുന്ന സമയത്ത് ബാധിച്ച മാനസികാസ്വാസ്ഥ്യം വർഷങ്ങൾക്ക് ശേഷവും കമലാദേവിയെ വീട്ടിനുള്ളിൽ ഒതുക്കിയിരിക്കുകയാണ്. കഴുത്തിൽ രൂപപ്പെട്ട വലിയ മുഴയുമായാണ് കാർത്യായനി ജീവിക്കുന്നത്. കമലാദേവിയുടെ മകൾ ലക്ഷ്മി ചെറിയഴീക്കൽ ഗവ. ഹൈസ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിയാണ്. കമലാദേവി അയൽ വീടുകളിൽ ജോലി ചെയ്താണ് കുടുംബം പുലർത്തുന്നത്. ഭാർഗവി അടുത്തിടെ മരിച്ചു. ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ മനസിലാക്കിയാണ് കുടുംബശ്രീ അയൽക്കൂട്ടം 7 ലക്ഷം രൂപ ചെലവിൽ ഇവർക്ക് സ്വന്തമായുള്ള 5 സെന്റ് ഭൂമിയിൽ വീട് നിർമ്മിച്ചു നൽകിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബിന്ദു ദേവിയമ്മ, ആർ. ലതികകുമാരി, ബിൻസി രഘുനാഥ്, റിച്ചു രാഘവൻ, സീനാ നവാസ്, നാസർ പാട്ടക്കണ്ടത്തിൽ, പത്മകുമാരി എന്നിവർ സംസാരിച്ചു. കെ. സുരേഷ് കുമാർ സ്വാഗതം പറഞ്ഞു.