കൊല്ലം: കേരള സർവകലാശാലയിൽ പുതിയ പരീക്ഷാ കൺട്രോളറുടെ തസ്തികയിലേക്ക് ഉയർന്ന യോഗ്യതയുള്ളവരെ ഒഴിവാക്കി കുറഞ്ഞ യോഗ്യതയുള്ള രണ്ട് പേരുടെ റാങ്ക് പട്ടിക തയ്യാറാക്കിയതായി ആക്ഷേപം. ഒഴിവാക്കപ്പെട്ട വാഴൂർ എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പൽ ഡോ. ജി. പ്രമോദ് റാങ്ക് പട്ടികയെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിച്ചേക്കും.

പരീക്ഷാ കൺട്രോളറായിരുന്ന മധുകുമാർ വിരമിച്ച ഒഴിവിൽ ആറു മാസത്തെ താത്കാലിക കാലയളവിലേക്കാണ് സർവകലാശാല അപേക്ഷ ക്ഷണിച്ചത്. എങ്കിലും കാലാവധി നീട്ടി നൽകാം. ഈ തസ്തിക യു.ജി.സി പരിധിയിൽ വരുന്നതിനാൽ നിയമനം ലഭിക്കുന്നയാൾക്ക് 60 വയസ് വരെ തുടരുകയും ചെയ്യാം.

അപേക്ഷകരായ ഏഴു പേരെയും ഫെബ്രുവരി 28ന് സർവകലാശാലാ ആസ്ഥാനത്ത് ഇന്റർവ്യൂവിന് ക്ഷണിച്ചിരുന്നു. ഉച്ചവരെ കാത്തിരുന്നിട്ടും അഞ്ചുപേരെ ഇന്റർവ്യൂ ചെയ്യാതെ രണ്ടു പേരുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുകയായിരുന്നെന്നാണ് അപേക്ഷകർ പറയുന്നത്. ഒന്നാം റാങ്കുകാരൻ തിരുവനന്തപുരം ധനുവച്ചപുരം എൻ.എസ്.എസ് കോളേജിലും രണ്ടാം റാങ്കുകാരൻ മാർ ഇവാനിയോസ് കോളേജിലും നിന്നുള്ളവരാണ്. അദ്ധ്യാപകേതര തസ്തികകളിലെ നിയമനം പി.എസ്.സി ക്ക് വിട്ടെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല. അതിനാൽ താത്കാലികമായി നടത്തുന്ന നിയമനത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നാണ് ആരോപണം.

യോഗ്യത നോക്കിയാൽ

യു.ജി.സി നിയമ പ്രകാരം ബിരുദാനന്തരബിരുദത്തിന് ആർട്സ് വിഷയമെങ്കിൽ 55 ശതമാനവും സയൻസ് വിഷയമെങ്കിൽ 60 ശതമാനവും മാർക്ക് നേടിയിരിക്കണം. കൂടാതെ 5 വർഷം കോളേജിന്റെ ഭരണച്ചുമതല നിർവഹിച്ചിരിക്കണം. അധിക യോഗ്യതയുള്ളവർക്ക് പരിഗണന നൽകണമെന്നും വ്യവസ്ഥയുണ്ട്. ഒഴിവാക്കപ്പെട്ട 5 പേർക്കും തിരഞ്ഞെടുക്കപ്പെട്ടവരെക്കാൾ അധിക യോഗ്യതയുള്ളതായി അവർ പറയുന്നു. ഹർജിക്കാരനായ ഡോ. പ്രമോദിന് ഡോക്ടറേറ്റും എംഫിലുമുണ്ട്. എം.ജി സർവകലാശാലയിൽ ഗവേഷണത്തിൽ അംഗീക‌ൃത ഗൈഡുമാണ്.

'സർവീസിൽ നിന്ന് വിരമിക്കാൻ ഇനി ഒരു മാസമേ എനിക്കുള്ളൂ. ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലെ നിയമനമായതിനാൽ പരീക്ഷാ കൺട്രോളർ തസ്തികയിൽ ഇരിക്കാൻ അർഹനല്ല. തസ്തിക സ്വീകരിക്കാൻ താത്പര്യമില്ലെന്ന് ബന്ധപ്പെട്ടവരെ വാക്കാൽ അറിയിച്ചിട്ടുണ്ട് '.

-ഡോ. മോഹൻകുമാർ

(റാങ്ക് പട്ടികയിലെ

ഒന്നാം സ്ഥാനക്കാരൻ)

'തസ്തിക സ്വീകരിക്കുന്നില്ലെന്ന് വാക്കാൽ പറഞ്ഞിട്ടു കാര്യമില്ല, രേഖാമൂലം അറിയിക്കണം. പരീക്ഷാ കൺട്രോളർ പദവിയിൽ അക്കാഡമിക് യോഗ്യതയുള്ളവരെ നിയമിക്കണം.

ഡോ. ജി. പ്രമോദ്

(ഹർജിക്കാരൻ)


'അഞ്ചു പേരുടെ അപേക്ഷകൾ പരിഗണിക്കാതിരുന്നത് അവർ പ്രോപ്പർ ചാനലിൽ അപേക്ഷ നൽകാത്തതിനാലാണ്. സ്ഥാപന മേധാവിയുടെ എൻ.ഒ.സിയും ഇല്ലായിരുന്നു.'

-സി.ആർ. പ്രസാദ്, രജിസ്ട്രാർ,

കേരള സർവകലാശാല