photo
വർഷങ്ങളായി തകർന്ന് കിടക്കുന്ന തുറയിൽകുന്ന് - ഗവ: എസ്.കെ.വി യുപി സ്കൂൾ റോഡ്

കരുനാഗപ്പള്ളി: തുറയിൽകുന്നിൽ നിന്ന് കോഴിക്കോട് എസ്.കെ.വി യു.പി സ്കൂൾ റോഡിലൂടെയുള്ള ഒരു കിലോമീറ്റർ സഞ്ചാരം യാത്രക്കാരുടെ നടുവൊടിക്കും. നിരവധി വർഷങ്ങളായി തകർന്ന് കിടക്കുന്ന റോഡിലൂടെയുള്ള കാൽനടയാത്ര പോലും ദുഷ്കരമാണ്. 200 ഓളം കുടുംബങ്ങളാണ് റോഡിന് നേരിട്ട് ആശ്രയിക്കുന്നത്. റോഡിന്റെ വശങ്ങളിൽ ഓടയില്ലാത്തതു മൂലം മഴവെള്ളം ഒഴുകിപ്പോകാതെ റോഡിൽ കെട്ടിനിൽക്കുന്നതാണ് തകർച്ചയുടെ പ്രധാന കാരണം. റോഡിന്റെ വീതി 6 മീറ്ററാണെങ്കിലും വർഷങ്ങളായി നടക്കുന്ന കൈയേറ്റം മൂലം പല സ്ഥലങ്ങളിലും വീതി 5 മീറ്ററായി കുറഞ്ഞിട്ടുണ്ട്. കൈയേറിയ ഭൂമി അളന്ന് തിട്ടപ്പെടുത്തി റോഡിന്റെ ഭാഗമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വർഷങ്ങളായി തകർന്ന് കിടക്കുന്ന റോഡ് നന്നാക്കാനുള്ള ശ്രമത്തിലാണ് നഗരസഭ. റോഡിന്റെ പുനരുദ്ധാരണത്തിന് 25 ലക്ഷം രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ടെന്റർ നടപടി ഉടൻ ആരംഭിക്കും. ടെന്റർ നടപടി പൂർത്തിയാക്കുന്ന മുറയ്ക്ക് റോഡിന്റെ പുനർനിർമ്മാണം തുടങ്ങും.

പി. ശിവരാജൻ, പൊതുമരാമത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, നഗരസഭ,

ടാർ ചെയ്തിട്ട് 7 വർഷങ്ങൾ

7 വർഷങ്ങൾക്ക് മുമ്പാണ് റോഡ് അവസാനമായി ടാർ ചെയ്തത്. ഇതിന് ശേഷം ഒരിക്കൽപ്പോലും റോഡിൽ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. 3 മീറ്റർ വീതിയിൽ ടാർ ചെയ്ത റോഡിന്റെ മിക്ക ഭാഗങ്ങളും ഇളകിപ്പോയിട്ടുണ്ട്. ടാറിംഗ് തകർന്ന് പോയ ഭാഗങ്ങൾ നഗരസഭ ക്വോറിമഗ് ഇട്ട് നികത്തിയത് കാൽനട യാത്രക്കാർക്ക് വിനയായി. പാറക്കല്ലുകളുടെ കൂർത്ത ഭാഗങ്ങൾ കാൽനട യാത്രക്കാരുടെ പാദങ്ങളിൽ കുത്തിക്കയറുന്നത് പതിവാണ്.

എളുപ്പവഴി

കരുനാഗപ്പള്ളിയെ പടിഞ്ഞാറൻ മേഖലയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിൽ ഒന്നാണിത്. കരുനാഗപ്പള്ളി നഗരസഭയുടെ 5 വാർഡുകളിലൂടെയാണ് റോഡ് കടന്ന് പോകുന്നത്. തുറയിൽകുന്ന് ക്ഷേത്രം, മദ്രസ, എസ്.എൻ യു.പി സ്കൂൾ, എസ്.കെ.വി യു.പി സ്കൂൾ, കന്നേലി ശിവയോഗീശ്വര ക്ഷേത്രം, ഇടയ്ക്കോട്ട് ദേവീക്ഷേത്രം എന്നിവിടങ്ങളിൽ എത്തിച്ചേരാനുള്ള എളുപ്പമാർഗമാണ് തുറയിൽകുന്ന് - കോഴിക്കോട് എസ്.കെ.വി.യു.പി സ്കൂൾ റോഡ്.