പുനലൂർ: തെന്മല ഫോറസ്റ്റ് റെയ്ഞ്ചിലെ വനമേഖല കേന്ദ്രീകരിച്ച് മാലിന്യം തള്ളുന്നത് പതിവാകുന്നു. പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നൽകി. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി ട്രാക്ടറിൽ ശേഖരിക്കുന്ന ഹോട്ടൽ മാലിന്യം അടക്കമുള്ളവയാണ് തെന്മല ഫോറസ്റ്റ് ഡിവിഷണൽ ഓഫീസിന് സമീപവും തെന്മല ഇക്കോ ടൂറിസം മേഖലയിലും വ്യാപകമായി നിക്ഷേപിക്കുന്നത്. ഇത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഫോറസ്റ്റ് റെയ്ഞ്ചോഫീസർ വേണുകുമാറാണ് തെന്മല പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നൽകിയത്. ശെന്തുരുണി വന്യജീവി കേന്ദ്രമായ വനമേഖലയിലുൾപ്പടെ മാലിന്യനിക്ഷേപം നടത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന ആശങ്കയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ. വിദേശ വിനോദ സഞ്ചാരികളടക്കം നിരവധി ടൂറിസ്റ്റുകൾ ദിനംപ്രതി സന്ദർശിക്കുന്ന പ്രദേശത്താണ് ഹോട്ടൽ മാലിന്യം അടക്കമുള്ളവ നിക്ഷേപിക്കുന്നത്. വനമേഖലകൾക്ക് പുറമേ പൊതുനിരത്തിൽ മാലിന്യം തള്ളുന്നതിനെതിരെയും സർക്കാർ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് ലംഘിച്ചുകൊണ്ടാണ് വനത്തിൽ വ്യാപകമായി മാലിന്യം തള്ളുന്നത്.
ജനവാസ മേഖയല്ലാത്ത ആനപെട്ടകോങ്കലിൽ മാലിന്യം തള്ളുന്നതിനും മറ്റും പഞ്ചായത്തിന് സ്വന്തമായി 2 ഏക്കറിൽ അധികം ഭൂമി ഉണ്ടായിട്ടും വന മേഖല കേന്ദ്രീകരിച്ച് മാലിന്യം തള്ളുന്നത് ശരിയായ നടപടിയല്ല. വനത്തിൽ നിക്ഷേപിച്ച മാലിന്യം ഉടൻ നീക്കം ചെയ്തില്ലെങ്കിൽ പഞ്ചായത്തിനെതിരെ നടപടിയുമായി മുന്നോട്ട് പോവും
റെയ്ഞ്ചോഫീസർ വേണുകുമാർ
പരിസ്ഥിതി പ്രവർത്തകരും രംഗത്ത്
നേരത്തേ മാനില്യം തള്ളുന്നത് ശിക്ഷാർഹമാണെന്ന് കാട്ടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബോർഡുകൾ സ്ഥാപിച്ചിരുന്ന സ്ഥലങ്ങളിൽ തന്നെയാണ് ഇപ്പോൾ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി ട്രാക്ടറിൽ ശേഖരിക്കുന്ന മാലിന്യം നിക്ഷേപിക്കുന്നത്. ഇതിനെതിരെ പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. നോട്ടീസ് നൽകിയിട്ടും വനത്തിലെ മാലിന്യനിക്ഷേപം വർദ്ധിച്ച് വരുകയാണ്.