പുനലൂർ: പൊതുമരാമത്ത് വകുപ്പിൽ നിന്ന് 3 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച അതിഥി മന്ദിരം ഇന്ന് വൈകിട്ട് 5ന് മന്ത്രി ജി. സുധാകരൻ നാടിന് സമർപ്പിക്കും. സ്ഥലം എം.എൽ.എ ആയ മന്ത്രി കെ. രാജു അദ്ധ്യക്ഷത വഹിക്കും. നിലവിൽ പുനലൂർ ടി.ബി ജംഗ്ഷനിൽ സ്ഥിതി ചെയ്തിരുന്ന പഴയ കെട്ടിടം പൊളിച്ച് മാറ്റിയ ശേഷമാണ് പുതിയ മന്ദിരത്തിന്റെ നിർമ്മാണം തുടങ്ങിയത്. 2 നിലയിൽ നിർമ്മാണം പൂർത്തിയാക്കിയ മന്ദിരത്തിൽ രണ്ട് ശീതീകരിച്ച മുറികൾക്ക് പുറമേ 12 സാധാരണ മുറികൾ, വിശാലമായ കോൺഫറൻസ് ഹാൾ, ഓഫീസ് മുറി, ക്യാന്റീൻ, കാർ പാർക്കിഗ് ഏരിയ, പൂന്തോട്ടം എന്നിവയടക്കമുള്ള അധുനിക സൗകര്യങ്ങളുമുണ്ട്. ഇതിനോട് ചേർന്ന് രാജഭരണ കാലത്ത് പണികഴിപ്പിച്ച മന്ദിരം ചായംപൂശി മോടി പിടിപ്പിച്ചിട്ടുണ്ട്. ഉദ്ഘാടന യോഗത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി, മുൻ എം.എൽ.എ പി.എസ്. സുപാൽ, കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ എന്നിവർ മുഖ്യാതിഥികളാവും. നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ ഉപാദ്ധ്യക്ഷ കെ. പ്രഭ, മുൻ നഗരസഭാ ചെയർമാൻ എം.എ. രാജഗോപാൽ, മുൻ എം.എൽ.എ പുനലൂർ മധു, സി.പി.എം ഏരിയാ സെക്രട്ടറി എസ്. ബിജു, കെ. രാധാകൃഷ്ണൻ, കെ. ധർമ്മരാജൻ, നെൽസൺ സെബാസ്റ്റ്യൻ, പി. ബാനർജി തുടങ്ങിയവർ സംസാരിക്കും.