ഇടിച്ച വാഹനം കണ്ടെത്താൻ പൊലീസ് ശ്രമിക്കുന്നില്ലെന്ന് ആക്ഷേപം
പാരിപ്പള്ളി: രണ്ടാഴ്ച്ചയ്ക്ക് മുമ്പ് പാരിപ്പള്ളി പൊലീസ് സ്റ്റേഷന് മുന്നിൽ മത്സ്യലോറി ഇടിച്ചുതെറിപ്പിച്ച യുവാവ് അബോധാവസ്ഥയിൽ തുടരുന്നു. കഴിഞ്ഞ മാസം 19ന് രാവിലെ എഴിപ്പുറം തുണ്ടുവിള വീട്ടിൽ രഞ്ജിത്തിനെയാണ് (20) തിരുവനന്തപുരത്തേക്ക് മത്സ്യവുമായി പോയ ലോറി ഇടിച്ചു തെറിപ്പിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രഞ്ജിത്ത് ദേശീയപാതയിലൂടെ വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് അപകടമുണ്ടായത്. ഇടിച്ച ശേഷം വാഹനം നിറുത്താതെ പോകുകയായിരുന്നു.
അപകടത്തിൽ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാർ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ഇപ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ബോധം വീണ്ടെടുക്കുമ്പോൾ അക്രമാസക്തനാകുന്നതിനാൽ യുവാവിന്റെ കൈകാലുകൾ ബന്ധിച്ചിരിക്കുകയാണ്.
അതേസമയം രഞ്ജിത്തിനെ ഇടിച്ചു തെറിപ്പിച്ച മത്സ്യലോറി കണ്ടെത്താൻ പാരിപ്പള്ളി പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നുള്ള ആക്ഷേപമുയരുന്നു. പരാതി നൽകിയിട്ടും ഇതുവരെ യാതൊരു നടപടിയും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും വഴിയോരങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനം കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്നും കാട്ടി മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്നും യുവാവിന്റെ ബന്ധുക്കൾ പറഞ്ഞു. രഞ്ജിത്തിന്റെ ഏക വരുമാനത്തിലായിരുന്നു വൃദ്ധരായ മാതാപിതാക്കളും സഹോദരിയുമടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്.