മൂന്ന് മണിക്കൂറിന് ശേഷം തളച്ചു
കുണ്ടറ: കിഴക്കേകല്ലട മേജർ മാർത്താണ്ഡപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കൊടിയേറ്റിനോട് അനുബന്ധിച്ച് എത്തിച്ച ആന ഇടഞ്ഞു. കൊട്ടാരക്കര തലച്ചിറ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള റോസിലി എന്ന പിടിയാനയാണ് ഇടഞ്ഞത്. ലോറിയിൽ കയറ്റുന്നതിനിടെ രാവിലെ 6 മണിയോടെ പിണങ്ങി ഓടിയ ആന കിഴക്കേകല്ലടയിലും പരിസരത്തും മൂന്ന് മണിക്കൂറോളം പരിഭ്രാന്തി പരത്തി.
പിണങ്ങിയോടിയത് എട്ട് കിലോമീറ്റർ
മാർത്താണ്ഡപുരത്ത് നിന്ന് വയൽ റോഡിലൂടെ കോടിയാട്ട് മുക്കിലെത്തി മൺറോത്തുരുത്ത് ചിറ്റുമല റോഡിൽ പ്രവേശിച്ച ആന മെയിൻ റോഡിലൂടെ പരിച്ചച്ചേരിയിലെത്തി ഇടവഴികളിലൂടെ ഓടി വീണ്ടും മെയിൻ റോഡിലെത്തി. തുടർന്ന് കൊടുവിള പള്ളിക്ക് സമീപം കുന്നിൻ മുകളിൽ നിന്ന് താഴത്തിറങ്ങി കായലിൽ ചാടി നീന്തി മുട്ടം ഭാഗത്തെത്തുകയായിരുന്നു. പാപ്പാൻ കരയിൽ നിന്ന് വിളിച്ചപ്പോൾ കരയിൽ കയറി ഇടവഴികളിലൂടെ ഓടി വീണ്ടും കുന്നുകയറി മെയിൻ റോഡിലെത്തുകയും കോടിയാട്ടുമുക്കിന് സമീപമുള്ള വീട്ടിലേക്ക് കയറുകയും ചെയ്തു. കിഴക്കേകല്ലട പൊലീസും കുണ്ടറയിൽ നിന്ന് ഫയർഫോഴ്‌സും ആനയെ പിന്തുടർന്നു. ഒൻപതരയോടു കൂടി ആനയെ ഇടുങ്ങിയ ഭാഗത്ത് വച്ച് പാപ്പാൻമാരും ഉടമയും കൂടി അനുനയിപ്പിച്ച് അടുത്ത പുരയിടത്തിൽ തളയ്ക്കുകയായിരുന്നു. തളച്ചതിന് ശേഷം വനം വകുപ്പദ്യോഗസ്ഥരും സ്ഥലത്ത് എത്തിച്ചേർന്നു. ആന ആരെയും ഉപദ്രവിക്കുകയോ നാശനഷ്ടമുണ്ടാക്കുകയോ ചെയ്തില്ല.