കൊല്ലം: നഗരഹൃദയത്തിലൂടെ സമൃദ്ധമായി ഒഴുകിയിരുന്ന മണിച്ചിതോടിനെ സംസ്ഥാന സർക്കാരിന്റെ ഹരിതകേരള മിഷനുമായി സഹകരിച്ച് ശുചീകരിക്കാൻ പദ്ധതിയുമായി നഗരസഭ. മണിച്ചിത്തോട്ടിലേക്ക് മാലിന്യമെത്തുന്ന വഴികൾ കണ്ടെത്താൻ വിശദമായ സർവെ ഉടൻ ആരംഭിക്കും.
പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് മുന്നോടിയായി ജനപ്രതിനിധികളും ഹരിതകേരള മിഷൻ പ്രവർത്തകരും തോടിന്റെ തീരത്ത് കൂടി നടക്കും. മാലിന്യമെത്തുന്ന വഴികൾ കണ്ടെത്തുകയാണ് ലക്ഷ്യം. മാലിന്യം പൂർണമായും നീക്കം ചെയ്യുന്നതിനൊപ്പം തോട് കൈയേറ്റവും ഒഴിപ്പിക്കും. നീരൊഴുക്ക് വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളും ഉണ്ടാകും. തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കുന്ന പുള്ളിക്കട കോളനിയിലടക്കം സെപ്റ്റിക് ടാങ്ക് നിർമ്മിച്ച് നൽകാനും ആലോചനയുണ്ട്. മണിച്ചിതോട് ശുചീകരിക്കപ്പെടുന്നതോടെ അഷ്ടമുടിക്കായലിനും ഒരുപരിധി വരെ ശാപമോക്ഷമാകും. തോടിന്റെ പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് മുന്നോടിയായുള്ള ആലോചനായോഗം കഴിഞ്ഞ ദിവസം കടപ്പാക്കട സ്പോർട്സ് ക്ലബിൽ ചേർന്നു.
മണിച്ചിതോട്
വടക്കേവിളയിൽ നിന്നാരംഭിച്ച് പട്ടത്താനം, കടപ്പാക്കട, പുള്ളിക്കട കോളനി വഴി അഷ്ടമുടിക്കായലിൽ ലയിക്കുന്നതാണ് മണിച്ചിത്തോട്. നാലര കിലോ മീറ്ററാണ് ആകെ നീളം. ഒഴുകിവരുന്ന വഴികളിൽ നിന്ന് സർവമാലിന്യവും വഹിച്ച് കറുത്തിരുണ്ടെത്തി അഷ്ടമുടിക്കായലിനെ മലിനമാക്കുന്നതും മണിച്ചിത്തോടാണ്. ജില്ലാ ആശുപത്രിയിൽ നിന്നും വിക്ടോറിയയിൽ നിന്നുമുള്ള ഓടകളും മണിച്ചിത്തോട്ടിലേക്കാണ് ഒഴുകിയെത്തുന്നത്. പലയിടങ്ങളിലും കക്കൂസ് മാലിന്യവും ഈ തോട്ടിലേക്ക് ഒഴുക്കുന്നുണ്ട്.