tkm

കൊല്ലം: രാജ്യത്തെ മൂവായിരത്തോളം എൻജിനീയറിംഗ് കോളേജുകളിൽ നിന്നു ഒരു ലക്ഷത്തിലേറെ വിദ്യാർത്ഥികളും ഇരുന്നൂറോളം പ്രൊഫഷണൽ സംഘടനകളും പങ്കെടുത്ത കോഡിങ് മത്സരവേദിയായ സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിൽ കൊല്ലം ടി.കെ.എം. എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ റണ്ണേഴ്‌സ് അപ്പ് രണ്ടാം സ്ഥാനം നേടി.

കേന്ദ്ര വ്യവസായ വികസനവകുപ്പ് നിർദേശിച്ച നൂറ്റിമുപ്പത്തിയാറ് പ്രശ്‌നാധിഷ്ഠിത സാങ്കേതിക സാഹചര്യങ്ങൾ പരിഹരിക്കാൻ യുക്തമായ പ്രോജക്ടുകൾ കണ്ടെത്തുക എന്നതായിരുന്നു ലക്ഷ്യം.

വിവിധ വകുപ്പുകളിലെ സ്ഥിതി വിവരശേഖരണങ്ങളുടെ പ്രായോഗികവും സമർഥവുമായ സംയോജനത്തിനുള്ള കോഡിങ് പ്രോജക്ടിനാണ് ടി.കെ.എം വിജയം നേടിയത്. ഗോഹട്ടിയിലെ ഗിരിജാനന്ദ ചൗധരി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ഹാക്കത്തോണിൽ ഗുജറാത്തിലെ എൽ.ഡി. കോളേജ് ഒന്നാംസ്ഥാനവും തമിഴ്‌നാട്ടിലെ എൻ.എസ്. കോളേജ് ഒന്നാം റണ്ണേഴ്‌സ് അപ്പും ടി. കെ.എം രണ്ടാം റണ്ണേഴ്‌സ് അപ്പുമായി. ജെസ്വിൻ ജോസിന്റെ സാങ്കേതിക സഹായത്തിൽ കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് വിഭാഗം വിദ്യാർത്ഥികളായ എസ്. ശ്വേത, വി.വി. മാളവിക, ഐറിൻ ടെന്നിസൺ, അരുന്ധതി പ്രദീപ്, ശ്രീകാന്ത് ഷേണായി, കെ. തമീം എന്നിവരായിരുന്നു കോളേജിനെ പ്രതിനിധീകരിച്ചത്.