polayathodu
കൊല്ലം പോളയത്തോട് ശ്മശാനത്തിന്റെ മതിൽ നവീകരണത്തിനായി പൊളിച്ച നിലയിൽ

 ചുറ്റുമതിൽ പുനരുദ്ധാരണം തുടങ്ങി

കൊല്ലം: പലയിടങ്ങളിലും തകർന്ന് തരിപ്പണമായ പോളയത്തോട് ശ്മശാനത്തിലെ ചുറ്റുമതിലിന്റെ പുനരുദ്ധാരണം ആരംഭിച്ചു. 30 ലക്ഷം രൂപ ചെലവിലാണ് തകർന്ന ഭാഗങ്ങൾ പൊളിച്ചുനീക്കി പുതുക്കിപ്പണിയുന്നത്.

ചുറ്റുമതിൽ പലയിടങ്ങളിലും തകർന്ന് കിടന്നതിനാൽ എപ്പോഴും ശ്മശാനത്തിനുള്ളിലേക്ക് കടക്കാവുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്. രാത്രികാലങ്ങളിൽ ഇവിടെ സാമൂഹ്യ വിരുദ്ധർ തമ്പടിക്കുന്നതായും ആരോപണമുണ്ടായിരുന്നു. ചുറ്റുമതിൽ നിർമ്മാണം പൂർത്തിയാകുന്നതോടെ ജനകീയ പങ്കാളിത്തത്തോടെയുള്ള ശ്മശാനത്തിന്റെ ശുചീകരണവും സൗന്ദര്യവത്കരണവും ആരംഭിക്കും.

 പുതിയ പേരും കവാടവും

ചുറ്റുമതിൽ പൂർത്തിയായ ശേഷം ശ്മശാനത്തിന് മനോഹരമായ കവാടം നിർമ്മിക്കും. പ്രമുഖ ആർക്കിടെക്ടാകും കവാടത്തിന്റെ രൂപരേഖ തയ്യാറാക്കുക. കൂടാതെ ശ്മശാനത്തിന് നല്ലൊരു പേരിടാനും ആലോചനയുണ്ട്. പ്രമുഖരായ സാഹിത്യകാരന്മാരുമായും സാംസ്കാരിക പ്രവർത്തകരുമായും ആലോചിച്ചാകും പേര് നിശ്ചയിക്കുക.

 കോൺക്രീറ്റ് ക്രിമറ്റോറിയത്തിന്റെ ഉദ്ഘാടനം ഉടൻ

നിർമ്മാണം പൂർത്തിയായി രണ്ട് വർഷത്തിലേറെയായിട്ടും പ്രവർത്തനം തുടങ്ങാതിരുന്ന പോളയത്തോട് ശ്മശാനത്തിലെ കോൺക്രീറ്റ് ക്രിമറ്റോറിയത്തിന്റെ ഉദ്ഘാടനം ഉടൻ നടക്കും.

പുതിയ കെട്ടിടത്തിന്റെ വൈദ്യുതീകരണം പൂർത്തിയായി. വൈദ്യുതി കണക്ഷനും ലഭിച്ചു. ഇനി അവശേഷിക്കുന്നത് പെയിന്റിംഗ് മാത്രമാണ്. അതിനുള്ള ടെണ്ടർ നടപടി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിൽ കുടുങ്ങിയില്ലെങ്കിൽ ഒരുമാസത്തിനുള്ളിൽ തന്നെ ഉദ്ഘാടനം നടക്കും.

കഴിഞ്ഞ ഡിസംബറിലാണ് 65 ലക്ഷം രൂപ ചെലവിൽ കോൺക്രീറ്റ് ക്രിമിറ്റോറിയം കെട്ടിടം പൂർത്തിയായത്. എന്നാൽ കെട്ടിടം വൈദ്യുതീകരിക്കുന്നതിൽ നഗരസഭ കാട്ടിയ അലംഭാവം കാരണം ഇത്രയുകാലം ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. ഒരേ സമയം നാല് മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സംവിധാനമാണ് ഇവിടെയുള്ളത്. നിലവിൽ താത്ക്കാലിക ഷെഡിന് കീഴിലാണ് സംസ്കാരം നടക്കുന്നത്.