മൃതദേഹം സംസ്കരിക്കുന്നതിന് 3500 രൂപ
ചാത്തന്നൂർ: ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത് 2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊട്ടിയം ജംഗ്ഷന് സമീപം നിർമ്മിച്ച ആധുനിക രീതിയിലുളള വാതക ശ്മശാനം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. സ്വന്തമായി ഭൂമിയില്ലെന്ന കാരണത്താൽ സംസ്കാരം നടത്താൻ ബുദ്ധിമുട്ടുന്ന അവസ്ഥ ജനങ്ങൾക്ക് ഇനിയുണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു.
36 ലക്ഷം രൂപ ചെലവഴിച്ചാണ് ശ്മശാനത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. നടത്തിപ്പിനായി കരാറുകാരനെ ഏർപ്പെടുത്തിയിട്ടുണ്ട്. ഏത് പഞ്ചായത്തിലുള്ളവർക്കും നിയമാനുസൃത നടപടികൾ പൂർത്തിയാക്കി 3500 രൂപ അടച്ച് മൃതദേഹം സംസ്കരിക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ചടങ്ങിൽ ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ബിജു സി. നായർ റിപ്പോർട്ട് അവതരിപ്പിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല, ജില്ലാ പഞ്ചായത്തംഗം എൻ. രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ഷേർലി സ്റ്റീഫൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നദീറ കൊച്ചസൻ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷ് സ്വാഗതവും ജെ. സരസ്വതി നന്ദിയും പറഞ്ഞു.