ഇരവിപുരം: അർധരാത്രിയിൽ വീട്ടുമുറ്റത്തിരുന്ന സ്കൂട്ടർ തീവച്ചു നശിപ്പിച്ചു. കൂട്ടിക്കട ആക്കോലിൽ തൊടിയിൽ വീട്ടിൽ സൈജുലാലിന്റെ പുതിയ ഡിയോ സ്കൂട്ടറാണ് തീവച്ചു നശിപ്പിച്ചത്. രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. വീടിന് മുന്നിൽ തീ കത്തുന്നത് കണ്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് സ്കൂട്ടറിന് തീപിടിക്കുന്നത് കണ്ടത്. തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് തീയണയ്ക്കുകയായിരുന്നു. ഇരവിപുരം എസ്.ഐ ജോയിക്കുട്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറൻസിക്, വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.