കൊല്ലം: കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിന്റെ വഴിമുടക്കി മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം. ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് ഹരിപ്പാട്ടേക്ക് പോയ ബസ് കൊല്ലം സ്റ്റാൻഡ് പിന്നിട്ടപ്പോഴാണ് ബൈക്കിലെത്തിയ രണ്ട് യുവാക്കൾ പരാക്രമം തുടങ്ങിയത്. കിലോമീറ്ററുകളോളം ഇവർ ബസിന് സൈഡ് നൽകാതെയും ഡ്രൈവറെ അസഭ്യം പറഞ്ഞും യാത്ര തുടരുകയായിരുന്നു. രാമൻകുളങ്ങര ജംഗ്ഷനിലെത്തിയപ്പോൾ പ്രകോപിതരായ യാത്രക്കാർ ബസ് നിറുത്താൻ ഡ്രൈവറോട് ആവശ്യപ്പെട്ടു. ഇതോടെ സർവീസ് താത്കാലികമായി നിറുത്തിവച്ച ശേഷം കണ്ടക്ടർ ശക്തികുളങ്ങര പൊലീസിൽ വിവരം അറിയിച്ചു. സംഗതി പന്തികേടാകുമെന്ന് കണ്ട് യുവാക്കൾ ബൈക്കുപേക്ഷിച്ച് സ്ഥലത്ത് നിന്ന് മുങ്ങി. വെസ്റ്റ് പൊലീസെത്തി ബൈക്ക് കസ്റ്റഡിയിലെടുത്തു. അരമണിക്കൂറിന് ശേഷമാണ് ബസ് സർവീസ് പുനരാരംഭിച്ചത്.