ഓച്ചിറ: വള്ളിക്കാവിന് തെക്കുവശം കുലശേഖരപുരം പഞ്ചായത്തിലെ ഒന്നും ഇരുപത്തി മൂന്നും വാർഡുകളിലൂടെ ഒഴുകുന്ന പന്നിത്തോടിൽ ഉപ്പ് വെള്ളം കയറി പ്രദേശത്ത് കൃഷിനാശവും കുടിവെള്ള ക്ഷാമവും രൂക്ഷമായി. വേനൽകാലത്ത് ഉപ്പ് വെള്ളം കയറാതിരിക്കാൻ എല്ലാ വർഷവും പഞ്ചായത്ത് അധികൃതർ താൽക്കാലിക ബണ്ട് സ്ഥാപിക്കുമായിരുന്നു. ഇക്കുറി ഇതുവരെയും അതു ചെയ്യാത്തതാണ് വ്യാപകമായി കൃഷിനാശത്തിനും കുടിവെള്ള മലിനീകരണത്തിനും ഇടയാക്കിയത്.
കൊച്ചുമൂക്കുംപുഴ ക്ഷേത്രത്തിന് സമീപം നിരവധി കിണറുകളിൽ ലഭിക്കുന്നത് ഉപ്പുവെള്ളമാണ്. പൈപ്പ് കണക്ഷൻ ഇല്ലാത്തവർ കിണർവെള്ളമാണ് ഉപയോഗിക്കുന്നത്. കുടിവെള്ളത്തിനായി ഇപ്പോൾ ഇവർ ആശ്രയിക്കുന്നത് മെയിൽ റോഡിലെ ഓച്ചിറ കുടിവെള്ള പദ്ധതിയിലെ പൊതു ടാപ്പുകളെയാണ്. സാമൂഹ്യ വിരുദ്ധർ ടാപ്പുകൾ നശിപ്പിക്കുന്നത് ഇവിടെ നിത്യ സംഭവമാണ്.
താൽക്കാലിക ബണ്ട് സ്ഥാപിക്കുന്നതിനായി കനാൽ തീരത്ത് തോട് ആരംഭിക്കുന്ന ഭാഗത്ത് കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിനിടയിൽ പലകൾ സ്ഥാപിച്ച് മണ്ണിട്ടാണ് ബണ്ട് ഉറപ്പിക്കുന്നത്. ഇതിന് നിസാര തുക മതി എന്നിരിക്കെ അത് ചെയ്യാത്തത് മണൽകടത്തുകാരെയും മീൻപിടിത്തക്കാരെയും സഹായിക്കാനാണെന്ന് ജനം പറയുന്നു.
വള്ളിക്കാവ് ജെട്ടിക്ക് വടക്കുവശം ക്ലാപ്പന കുലശേഖരപുരം പഞ്ചായത്തുകളുടെ അതിർത്തിയായ പന്നക്കാട്ടിൽ കലുങ്കിൽ ഉപ്പുവെള്ളം കയറുന്നത് തടയാൻ ഇരുമ്പ് ഷട്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. മഴക്കാലത്ത് മാത്രം ഷട്ടർ തുറക്കുന്നതിനാൽ ഇതുവഴി ഇപ്പോൾ ഉപ്പുവെള്ളം കയറാറില്ല.
ഉപ്പ് വെള്ളം കയറുന്നതിന് ശാശ്വത പരിഹാരം താൽക്കാലിക ബണ്ടിന് പകരം ഇരുമ്പ് ഷട്ടർ സ്ഥാപിക്കുക എന്നതാണ്. പഞ്ചായത്ത് അധികൃതർ എത്രയും പെട്ടെന്ന് ഇതിനുവേണ്ട ശ്രമം ആരംഭിക്കേണ്ടതാണ്.
വള്ളിക്കാവ് ശ്രീകുമാർ,
സാമൂഹ്യ പ്രവർത്തകൻ