കുഴിയെടുത്തത് ടാറിംഗ് നടന്ന് ദിവസങ്ങൾക്കുള്ളിൽ
കുണ്ടറ: കൊല്ലം - തിരുമംഗലം ദേശീയ പാതയിൽ ആദ്യഘട്ട ടാറിംഗ് പൂർത്തിയായി ദിവസങ്ങൾക്കുള്ളിൽ വാട്ടർ അതോറിറ്റി റോഡ് വെട്ടിപ്പൊളിച്ച് എടുത്ത കുഴി അപകട ഭീഷണിയുയർത്തുന്നു. ഗേജ് കൂടിയ കുടിവെള്ള വിതരണ പൈപ്പിടുന്നതിനായി പള്ളിമുക്കിൽ മണ്ണ് മാന്തി യന്ത്രമുപയോഗിച്ച് റോഡിന് കുറുകെ എടുത്ത കുഴിയാണ് ഇരുചക്രവാഹന യാത്രക്കാർക്കുൾപ്പെടെ അപകട ഭീഷണിയായിരിക്കുന്നത്.
റോഡിന്റെ ആദ്യഘട്ട ടാറിംഗ് പൂർത്തിയായതോടെ വാഹനങ്ങൾ വേഗത്തിലാണ് ഇതുവഴി വരുന്നത്. സമീപത്ത് സുരക്ഷാ മുന്നറിയിപ്പ് നൽകുന്ന ബോർഡുകളും സ്ഥാപിച്ചിട്ടില്ല. പുതുതായി ടാർ ചെയ്ത റോഡിൽ രൂപപ്പെട്ട കുഴി ശ്രദ്ധിക്കാതെ വലിയ വാഹനങ്ങൾ വൻ ശബ്ദത്തോടെ കുഴിയിൽ വീഴുകയും ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം തെറ്റി മറിയുകയും ചെയ്യുന്നത് സ്ഥിരം കാഴ്ചയായതോടെ സമീപത്തെ വ്യാപാരികളും പ്രദേശവാസികളും ചേർന്ന് ഇന്നലെ രാവിലെ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനിയറെ തടഞ്ഞു വച്ചു. ഇതിനെ തുടർന്നാണ് കുഴി മണ്ണിട്ട് ലെവലാക്കാൻ അധികൃതർ തയ്യാറായത്.
വാട്ടർ അതോറിറ്റിയുടെ അലംഭാവം
ടാറിംഗ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ദേശീയപാത അധികൃതർ വിവിധ വകുപ്പുകൾക്ക് അറ്റകുറ്റ പണികൾ നടത്തുന്നതിനായി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും വാട്ടർ അതോറിറ്റിയുടെ ഭാഗത്ത് നിന്നും മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് റോഡ് പണി ആരംഭിച്ചത്. രണ്ടാംഘട്ട ടാറിംഗിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് റോഡ് കുഴിച്ചത്. ഇനി ഈ കുഴികൾ ടാർ ചെയ്യുന്നതിനായി റോഡ് റോളർ ഉൾപ്പെടെയുള്ള യന്ത്രങ്ങൾ തിരികെ എത്തിക്കണം.
റോഡ് ടാർ ചെയ്ത് ദിവസങ്ങൾ കഴിയും മുമ്പ് റോഡ് കുത്തിപ്പൊളിക്കുന്ന വാട്ടർ അതോറിറ്റിയുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നും ഉയർന്നിരിക്കുന്നത്. വാട്ടർ അതോറിറ്റി അധികൃതരുടെ കെടുകാര്യസ്ഥതയും അനാസ്ഥയും കാരണം ഘജനാവിനും മറ്റ് വകുപ്പുകൾക്കും വൻ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നെന്ന ആക്ഷേപവും ഉണ്ട്. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം അവരിൽ നിന്ന് തന്നെ ഈടാക്കണമെന്ന് നാട്ടുകാർ പറയുന്നു.
ടാറിംഗ് ഉടൻ നടത്തും
ടാർ മിക്സിംഗ് പ്ലാന്റിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ടാറിംഗ് താത്കാലികമായി നിർത്തിയിരിക്കുകയാണ്. ടാർ മിക്സ് ലഭ്യമാകുന്നതോടെ എഴുകോൺ, ചീരങ്കാവ്, പള്ളിമുക്ക് ജംഗ്ഷനുകളിലെ കുഴികൾ ഉടൻ ടാർ ചെയ്യുമെന്ന് ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു.