കുളത്തൂപ്പുഴ : കിഴക്കൻ മലയോരങ്ങളിലെ വനംവകുപ്പ് - തടി ഡിപ്പോകളിലും ഉൾക്കാടുകളിലെ കൂപ്പുകളിലും സജീവസാനിദ്ധ്യമായിരുന്ന തടിപിടുത്തക്കാരായ കൊമ്പനാനകൾ എന്നന്നേയ്ക്കുമായി വഴിമാറിത്തുടങ്ങി. ആനകളോടുള്ള ക്രൂരത വർദ്ധിച്ചതിനാൽ വനംവകുപ്പിന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് തടിപിടുത്തത്തിൽ നിന്ന് ആനകളെ ഒഴിവാക്കിത്തുടങ്ങിയത്. ആനകളുടെ അഭാവത്തിൽ കൂപ്പുകളിലും തടി ഡിപ്പോകളിലും ഇതരസംസ്ഥാനക്കാരുടെ ട്രാക്ടറുകളെയാണ് നിലവിൽ ആശ്രയിക്കുന്നത്. പ്രത്യേകപരിശീലനം ലഭിച്ച തൊഴിലാളികളാണ് തമിഴ്നാട്ടിൽ നിന്ന് ടാക്ടറുകളുമായെത്തി ഈ മേഖലയിൽ പണിയെടുക്കുന്നത്. റിസ്കും ചെലവും താരതമ്യേനെ കുറവായതിനാൽ തടിവ്യാപാരവുമായി ബന്ധപ്പെട്ടവരെല്ലാം ഇപ്പോൾ കൂടുതൽ ആശ്രയിക്കുന്നതും ടാക്ടറുകളെത്തന്നെയാണ്.
കൂറ്റൻ തടികൾ അനായാസം കുന്നിൻ ചെരുവുകളിൽ നിന്ന് ഉയർത്തി വാഹനങ്ങളിലെത്തിക്കുന്നത് ആനകളായിരുന്നു. എന്നാൽ ആനകളെ ക്രൂരമായി പീഡിപ്പിക്കുന്നത് തിരിച്ചറിഞ്ഞാണ് വനം, വന്യജീവി, മൃഗസംരക്ഷണ വകുപ്പ് ആനകളെക്കൊണ്ട് കടുത്ത പണികൾ ഏടുപ്പിക്കരുതെന്ന വിലക്കുമായി രംഗത്തെത്തിയത്.
ട്രാക്ടറുകൾ ലാഭകരം
ടാക്ടറുകളുടെ മുൻവശത്തെ യന്ത്രക്കൈകൾ തുമ്പിക്കൈ പോലെ ഉയർത്തി കൂറ്റൻ തടികളെപ്പോലും ലോറികളിൽ തള്ളികയറ്റാം.
കൂപ്പിലും തടി ഡിപ്പോകളിലും നിന്നെത്തിക്കുന്ന കൂറ്റൻ തടികൾ ഒാരോന്നായി തിരിച്ച് അട്ടിയാക്കി വയ്ക്കുന്ന ജോലി മുമ്പ് ആനകൾക്കായിരുന്നങ്കിൽ ഇപ്പോൾ തൊഴിലാളികളുടെ സഹായത്തോടെ ട്രാക്ടർ ഉപയോഗിച്ചാണ് ഇത്തരം ജോലി അനായാസം ചെയ്തു തീർക്കുന്നത്. ആനയോട് കാട്ടുന്ന ക്രൂരതയും പീഡനങ്ങളും വർദ്ധിച്ചതോടെയാണ് ബന്ധപ്പെട്ട വകുപ്പ് ഇടപെട്ട് ആനകളെ തടിപിടുത്തത്തിൽ നിന്ന് കർഷനമായി വിലക്കിയത്.