photo
കരിക്കോട് ജംഗ്ഷന് സമീപത്തെ റെയിൽവേ പുറമ്പോക്കിലെ മാലിന്യ നിക്ഷേപം

കൊല്ലം: കരിക്കോട് ജംഗ്ഷനിൽ വർഷങ്ങളായി തുടരുന്ന മാലിന്യ നിക്ഷേപം മൂലം പ്രദേശത്ത് അസഹനീയമായ ദുർഗന്ധം രൂക്ഷമാകുന്നു. കൊല്ലം - തിരുമംഗലം ദേശീയ പാതയോരത്താണ് മാലിന്യം കുന്നുകൂടുന്നത്.

മേൽപ്പാലം തുടങ്ങുന്നിടത്ത് ദേശീയപാതയ്‌ക്കും റെയിൽവേ പാളത്തിനും ഇടയിലായി റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുന്നത്. ആദ്യം പ്ളാസ്റ്റിക് മാലിന്യം മാത്രം കണ്ടിടത്ത് ഇപ്പോൾ ഹോട്ടൽ മാലിന്യം,​ പഴവർഗങ്ങൾ, പച്ചക്കറി, ഇറച്ചി അവശിഷ്ടങ്ങൾ എന്നിവയുൾപ്പെടെ നിക്ഷേപിക്കാൻ തുടങ്ങിയിട്ടുണ്ട്. കൂടുതലും പ്ളാസ്റ്റിക് കവറുകളിലാക്കിയാണ് ഇവിടെ മാലിന്യം തള്ളുന്നത്. അതുകൊണ്ടുതന്നെ പെട്ടെന്ന് നശിച്ച് പോകുകയുമില്ല. പകലും രാത്രിയുമുൾപ്പെടെയാണ് യഥേഷ്ടം മാലിന്യം നിക്ഷേപം നടക്കുന്നുത്.

അവഗണനയോടെ അധികൃതർ

ടി.കെ.എം കോളേജുകളും സ്കൂളുകളുമൊക്കെയുള്ള കരിക്കോട് പട്ടണത്തിന് നാണക്കേടുണ്ടാക്കുന്ന വിധത്തിലാണ് ഇവിടുത്തെ മാലിന്യ നിക്ഷേപം ദിനംപ്രതി കൂടിവരുന്നത്. വർഷങ്ങളായി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലമായിട്ടും നഗരസഭാ അധികൃതർ ഇക്കാര്യം ഗൗരവമായി എടുക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. ആരോഗ്യവകുപ്പ് അധികൃതരും ഇവിടേക്ക് തിരിഞ്ഞുനോക്കാറില്ല. കരിക്കോടിനെ ദുർഗന്ധപൂരിതമാക്കുന്ന മാലിന്യ നിക്ഷേപത്തിന് പരിഹാരം കാണാൻ അധികൃതർ ഇടപെടണമെന്നും അടിയന്തരമായി ബോർഡുകളും സി.സി.ടി.വിയും സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

പകർച്ചവ്യാധി ഭീഷണിയിൽ

കരിക്കോട് ജംഗ്ഷന് സമീപത്തെ ഈ മാലിന്യ നിക്ഷേപം പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നുണ്ട്. ഇപ്പോൾ രൂക്ഷമായ ദുർഗന്ധമാണ് ഇതുവഴി കടന്നുപോകുമ്പോൾ അനുഭവപ്പെടുന്നത്. ഫ്രൂട്ട്സ് വ്യാപാരികളാണ് ഇവിടെ ആദ്യം മാലിന്യം നിക്ഷേപിച്ച് തുടങ്ങിയത്. ഇപ്പോൾ എല്ലാവരും ഇവിടെ മാലിന്യം തള്ളുന്നു. പ്ളാസ്റ്റിക് മാലിന്യം ഇത്രയധികം കുന്നുകൂടിയിട്ടും അധികൃതർ ഇടപെടാത്തത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല.

(സന്തോഷ്, വ്യാപാരി)