പുത്തൂർ: എം.സി റോഡിനെ അപകട വിമുക്തമാക്കാൻ രണ്ടു വശങ്ങളിലും ഇടനാഴി നിർമ്മാണം പുരോഗമിക്കുന്നു. അപകട സാധ്യതയുള്ള മേഖലകൾ, പ്രധാന ജംഗ്ഷനുകൾ, എന്നിവ കേന്ദ്രീകരിച്ചാണ് നിർമ്മാണം.കെ.എസ്.ടി.പിക്കാണ് ചുമതല. കലയപുരം ഭാഗത്ത് നടപ്പാതകൾ പൂർത്തിയാക്കിയിരുന്നു.മറ്റു സ്ഥലങ്ങളിൽ നിർമ്മാണം പുരോഗമിക്കുകയാണ്.
നടപ്പാത പൂർത്തിയായ സ്ഥലങ്ങളിൽ സുരക്ഷാവേലികൾ സ്ഥാപിക്കുന്ന ജോലി അവസാനഘട്ടത്തിലാണ്. കുളക്കട ഭാഗത്താണ് നിർമ്മാണം നടക്കുന്നത്. സ്ഥിരം അപകട പ്രദേശമായ സ്കൂൾ ജംഗ്ഷനിൽ സുരക്ഷാവേലികൾ സ്ഥാപിച്ചു കഴിഞ്ഞു. എന്നാൽ, സ്കൂൾ മുന്നറിയിപ്പ് ബോർഡുകളോ സീബ്രാ ലൈനുകളോ ക്രമീകരിക്കുന്നതിനുള്ള സൂചകങ്ങൾ പലയിടത്തും ഇല്ല. റോഡിന്റെ മദ്ധ്യത്തിൽ സൂചനാ ലൈനുകൾ വരച്ച് റിഫ്ലക്ടർ സ്ഥാപിച്ചിട്ടുണ്ട്.
സ്കൂൾ ജംഗ്ഷനിൽ രാവിലെയും വൈകിട്ടും ട്രാഫിക്ക് വാർഡർമാരുടെ സേവനം കിട്ടുന്നതാണ് ഏക ആശ്വാസം. കുളക്കടയിൽ റോഡിന്റെ ഇരുവശവും നിർമ്മിച്ച നടപ്പാതയിൽ സുരക്ഷാവേലികൾ ആശാസ്ത്രീയമാണ് നിർമ്മിച്ചതെന്ന് ആരോപിച്ച് ഒരു വിഭാഗം പ്രതിഷേധിച്ചിരുന്നു. സുരക്ഷാവേലി അസൗകര്യം സൃഷ്ടിക്കുന്നുവെന്നാണ് ആക്ഷേപം. വ്യാപാരികളും പ്രതിഷേധത്തിൽ പങ്കുചേരുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും കച്ചവട കേന്ദ്രങ്ങളിലേക്ക് എത്തുന്നതിനും തടസ്സം നേരിടുന്നുവെന്നാണ് അവരുടെ ആക്ഷേപം.