കരുനാഗപ്പള്ളി: വിവിധ ആവശ്യങ്ങളുന്നയിച്ച് കൊല്ലം രൂപതയുടെ നേതൃത്വത്തിൽ ചവറ ടൈറ്റാനിയം കമ്പനി പടിക്കൽ കൂട്ടഉപവാസം സംഘടിപ്പിച്ചു. കോവിൽത്തോട്ടം നിവാസികൾക്ക് പുനരധിവാസം നൽകുക, കമ്പനിയിൽ സ്ഥിരമായി ജോലി നൽകുക, കുടിവെള്ളം ലഭ്യമാക്കുക, ശാസ്ത്രീയമായ രീതിയിൽ പുലിമുട്ടുകൾ നിർമ്മിക്കുക, ഖനന പ്രദേശം മണ്ണിട്ട് നികത്തി വാസയോഗ്യമാക്കുക, പള്ളി, സെമിത്തേരി, എൽ.പി സ്കൂൾ എന്നിവയുടെ സംരക്ഷണം ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉപവാസം സംഘടിപ്പിച്ചത്. ഉപവാസ സമരം ബിഷപ്പ് ഫാ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. പൊതു മേഖലാ സ്ഥാപനമായ കെ.എം.എം.എൽ കോവിൽത്തോട്ടം നിവാസികൾക്ക് വാഗ്ദാനങ്ങളുടെ പെരുമഴ മാത്രമാണ് നൽകുന്നതെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. യോഗത്തിൽ രൂപത വികാരി ജനറൽ വിൻസന്റ് മച്ചാഡോ അദ്ധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ. ആബേൽ ലൂഷ്യസ്, യോഹന്നാൻ ആന്റണി, ജോസ് ടൈറ്റസ്, കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴീക്കാടൻ, സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, കെ.എൽ.സി.എ രൂപതാ പ്രസിഡന്റ് അനിൽ ജോൺ, വികാരിമാരായ കെ.ബി. സെഫറിൻ, സേവ്യർ ലാസർ, ബിനു തോമസ്, സാജൻ വാൾട്ടർ തുടങ്ങിയവർ സംസാരിച്ചു.