കൊല്ലം: വഴിയിൽ കിടന്ന ചില്ലുകുപ്പിൽ കണ്ണുടക്കിയ പെൺകുട്ടി അതെടുത്തു ബാഗിൽ തിരുകി. നീ എന്തിനാ അതെടുത്തതെന്ന് കൂട്ടുകാരികളുടെ പരിഹാസം. മദ്യക്കുപ്പികൾ വഴിയിൽ കിടക്കുന്നതു കണ്ടാൽ ഏതൊരു പെൺകുട്ടിയും ഒഴിഞ്ഞു നടന്നുപോകാനേ ശ്രമിക്കൂ.
പക്ഷേ, അപർണ്ണയ്ക്ക അതു കഴിയില്ല. അന്നു ശകാരിച്ചവരെല്ലാം ഇന്ന് അപർണ്ണയെ കാണുമ്പോൾ ചോദിക്കും - ഒരു കുപ്പി തരുമോ?
അതിനു കാരണമുണ്ട്. തെരുവിൽ ആർക്കും വേണ്ടാതെ കിടക്കുന്ന കുപ്പികൾ അപർണ്ണയുടെ കൈകളിലെത്തിക്കഴിഞ്ഞാൽ സ്വീകരണമുറിയിലെ വിശിഷ്ട ഉപഹാരമായി മാറാൻ മണിക്കൂറുകൾ മതി. ചിത്രപ്പണികൾ കൊണ്ടു അതിമനോഹരമായി മാറിയ കുപ്പികൾ സ്വന്തമാക്കാൻ അപർണ്ണയെ തേടി വരുന്നവർ ധാരാളമുണ്ട്.
ആയിരം രൂപവരെ നൽകി വാങ്ങാൻ ആവശ്യക്കാരുണ്ട്. കൊല്ലത്തെ പല കല്യാണ വീടുകളിലും മറ്റും വരുന്നവർ ഉപഹാരമായി സമ്മാനിക്കുന്നത് ഇപ്പോൾ അപർണ്ണ ചിത്രപ്പണികൾ ചെയ്ത കുപ്പികളാണ്.
മൺറോത്തുരുത്ത് ശിങ്കാരപ്പള്ളി എ.സി.എസ് കോട്ടേജിൽ അപർണ്ണയ്ക്കു ചിത്രം വരയ്ക്കാനായിരുന്നു കുട്ടിക്കാലം മുതൽ താല്പര്യം. ചിത്രങ്ങൾ എപ്പോഴാണ് കുപ്പികളിലേക്ക് ചേക്കേറിയതെന്ന് ചോദിച്ചാൽ വീട്ടുകാർ വഴക്കു പറയാൻ തുടങ്ങിയപ്പോൾ എന്നു പറയേണ്ടിവരും.വർണ്ണങ്ങളോടുള്ള ഭ്രമമാണ് നിറമുള്ള കുപ്പികൾ ശേഖരിച്ച് കിടപ്പുമുറിയിൽ നിരത്തിവയ്ക്കാൻ പ്രേരണയായത്. മുറി നിറയെ കുപ്പികൾ നിരന്നപ്പോൾ വീട്ടുകാർ ശകാരിക്കാൻ തുടങ്ങി. അങ്ങനെയാണ് അതിൽ ചിത്രം വരയ്ക്കാൻ തുടങ്ങിയത്. അതോടെ കുപ്പികളുടെ സ്ഥാനം സ്വീകരണമുറിയിലായി. വീട്ടിലെത്തിയ കുട്ടുകാർക്കും ബന്ധുക്കൾക്കും അതു കണ്ട് വിസ്മയമായി.
ആറു മണിക്കൂറോളം വേണ്ടിവരും ഒരു കുപ്പിയിൽ ചിത്രപ്പണി ചെയ്യാൻ. എന്തായാലും അതൊരു വരുമാനമാർഗ്ഗമായി മാറി. കുപ്പി എന്ന ഫേസ് ബുക്ക് പേജും തുടങ്ങിയിട്ടുണ്ട്.
ബി. എഡ് വിദ്യാർത്ഥിനിയായ അപർണയ്ക്ക് അദ്ധ്യാപികയാവുകയാണ് ജീവിതാഭിലാഷം.
വരുന്ന ജലദിനത്തിൽ അഷ്‌ടമുടിക്കായൽ തീരത്ത് ഒരു ബോധവത്കരണ പരിപാടിയും അപർണ ലക്ഷ്യമിടുന്നുണ്ട്. കായൽതീരത്ത് അടിയുന്ന മാലിന്യങ്ങളിലെ
വസ്‌തുക്കൾ ശേഖരിച്ച് അവയിൽ മോടി വരുത്തി ബോധവത്കരണം നടത്തുകയാണ് ലക്ഷ്യം. ഇതിൽ പങ്കാളികളാവാൻ ആഗ്രഹിക്കുന്നവർക്ക് 'കുപ്പി ' ഫേസ്ബുക്ക് പേജിലൂടെ ബന്ധപ്പെടാം.