കൊല്ലം: മാസങ്ങൾക്ക് മുമ്പ് ആരംഭിച്ച അയത്തിൽ - പള്ളിമുക്ക് റോഡിന്റെ നിർമ്മാണം അധികൃതരുടെ വീഴ്ച മൂലം ഇഴഞ്ഞു നീങ്ങുന്നതായി പരാതി. സമയബന്ധിതമായി നിർമ്മാണം പൂർത്തീകരിക്കാത്തതിനാൽ പൊടിശല്യം ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകളിൽ വലഞ്ഞിരിക്കുകയാണ് യാത്രക്കാരും സ്ഥലവാസികളും.
ഇതുവഴി വാഹനം കടന്നുപോയാൽ മിനിട്ടുകളോളം പ്രദേശമാകെ പൊടി പടലങ്ങൾ നിറയുന്നതാണ് സ്ഥിതി. റോഡിന്റെ ഇരുവശത്തെയും താമസക്കാർ പൊടി തിന്നാൻ തുടങ്ങിയിട്ട് ആഴ്ചകളായി. പലരും രോഗം ബാധിച്ച് ആശുപത്രികളിലുമായി. പൊടി ശല്യത്തിൽ നിന്ന് രക്ഷനേടാൻ നിരവധി പേർ താമസം മാറിയതായും പറയുന്നു. വീടിനുള്ളിൽ പോലും മാസ്ക് ധരിക്കാതെ കഴിയാൻ വയ്യാത്ത സ്ഥിതിയായെന്നാണ് സ്ഥലവാസികൾ പറയുന്നത്. അടുത്തിടെയാണ് റോഡിൽ പൊടി ഉയരാതിരിക്കാനുള്ള ക്രമീകരണങ്ങൾ അധികൃതർ ഒരുക്കിയത്.
ഗതാഗതം നിരോധിച്ചതായി അധികൃതർ
നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി അയത്തിൽ പള്ളിമുക്ക് റോഡിൽ ഗതാഗതം നിരോധിച്ചെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ നിലപാട്. ഗതാഗതം നിരോധിച്ച വഴിയിലൂടെ വാഹനങ്ങൾ നിരന്തരം പോകുന്നതിനെക്കുറിച്ച് വകുപ്പധികൃതർക്ക് ധാരണയില്ല.
അയത്തിൽ, കൂനമ്പായിക്കുളം, മൈലാപ്പൂര്, ഉമയനല്ലൂർ വഴി തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയിരുന്ന ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ ബസുകളും ആഴ്ചകളായി സർവീസ് നിറുത്തി വച്ചിരിക്കുകയാണ്. റോഡിന്റെ നിർമ്മാണം പൂർത്തിയായ ശേഷം മാത്രമേ ഇതുവഴിയുള്ള ബസ് സർവീസുകൾ പൂർവ സ്ഥിതിയിലെത്തുകയുള്ളൂ.
യൂനുസ് എൻജിനിയറിംഗ് കോളേജ്, അയത്തിൽ വി.വി ഹൈസ്കൂൾ അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ റോഡുകൾക്കിരുവശത്തുമായി പ്രവർത്തിക്കുന്നുമുണ്ട്. റോഡ് കടന്നുപോകുന്ന പ്രദേശത്തെ മിക്ക വീടുകളിലും വാഹനങ്ങളുണ്ട്. റോഡ് നിമ്മാണം പൂർത്തിയാകും വരെ വാഹനം പുറത്തിറക്കേണ്ടെന്നാണോ അധികൃതർ പറയുന്നതെന്നാണ് നാട്ടുകാരുടെ ചോദ്യം.
നിർമ്മാണം ദേശീയപാത നിലവാരത്തിൽ
5.4 കിലോമീറ്റർ
10.86 കോടി രൂപ ചെലവ്
അയത്തിൽ - പള്ളിമുക്ക് - മുള്ളുവിള - കൂനമ്പായിക്കുളം ക്ഷേത്രം, പാലത്തറ എൻ.എസ് ആശുപത്രി - പള്ളിമൺ, കല്ലുകുഴി റോഡുകൾ കിഫ്ബിയിൽ നിന്നുള്ള 10.86 കോടി രൂപ വിനിയോഗിച്ചാണ് പുനർ നിർമ്മിക്കുന്നത്. എം. നൗഷാദ് എം.എൽ.എയുടെ പ്രത്യേക ഇടപെടലിലാണ് ദേശീയപാത നിലവാരത്തിൽ റോഡ് പുനർ നിർമ്മിക്കാൻ കിഫ്ബിയിൽ നിന്ന് പണം അനുവദിച്ചത്.
രണ്ട് റോഡുകളുടെയും ആകെ ദൈർഘ്യം 5.4 കിലോമീറ്ററാണ്. ആവശ്യമുള്ള സ്ഥലങ്ങളിൽ സംരക്ഷണഭിത്തികൾ, കലുങ്കുകൾ, ഓടകൾ എന്നിവയും നിർമ്മിക്കുന്നുണ്ട്.
ടാറിംഗ് ഉടൻ ആരംഭിക്കും
നിർമ്മാണം പുരോഗമിക്കുന്ന അയത്തിൽ - പള്ളിമുക്ക് റോഡിന്റെ ടാറിംഗ് ബുധനാഴ്ച ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു. പള്ളിമുക്ക് മുതൽ പാലത്തറ വരെയാണ് ആദ്യ ഘട്ടത്തിൽ ടാർ ചെയ്യുക. ശേഷിക്കുന്ന ഭാഗത്ത് മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച ശേഷം ടാറിംഗ് നടത്തും. വലിയ കൂനമ്പായിക്കുളം ക്ഷേത്രത്തിലെ പൊങ്കാലയ്‌ക്ക് ശേഷം ടാറിംഗ് നടത്താമെന്ന ധാരണയിലായിരുന്നു പൊതുമരാമത്ത് വകുപ്പ്. ദേശീയപാത നിലവാരത്തിൽ നിർമ്മിക്കുന്ന റോഡിൽ ടാറിംഗിന് ശേഷം ഉടനെ പൊങ്കാല അടുപ്പുകൾ നിരന്നാൽ ടാറിംഗ് ഇളകി മാറാനും റോഡ് നശിക്കാനും സാധ്യതയുണ്ടെന്നാണ് പൊതുമരാമത്ത് അധികൃതരുടെ വിലയിരുത്തൽ. ഇതിനാലാണ് പൊങ്കാലയ്‌ക്ക് ശേഷം ടാറിംഗ് നടത്താമെന്ന് തീരുമാനിച്ചത്.