കൊല്ലം: പള്ളിമൺ സിദ്ധാർത്ഥയിലെ ആറാം ക്ലാസുകാരന്റെ കൃഷിയിടത്തിൽ വിളഞ്ഞു നിൽക്കുന്ന വെണ്ടയും വഴുതനയും കോവക്കയും തക്കാളിയും സഹപാഠികളുടെ കണ്ണിൽ വിസ്മയം വിടർത്തി. നാട്ടിലെ പച്ചക്കറിക്കടകളിലും അയൽക്കാരുടെയും പരിചയക്കാരുടെയും പറമ്പുകളിലും നിന്നു ശേഖരിച്ച പച്ചക്കറിയും വിത്തുകളും പ്ലാസ്റ്റിക് ചാക്കുകളിലും ഗ്രോബാഗുകളിലും ചെടിച്ചട്ടികളിലും നട്ടു നനച്ച് ആൽഫി തീർത്തത് വിശാലമായ അടുക്കളത്തോട്ടമാണ്.
പാഠ പുസ്തകങ്ങളെയും പ്രകൃതിയെയും ഒരുപോലെ സ്നേഹിക്കുന്ന ആൽഫി അനിലിന് സ്കൂൾ വിട്ടുവന്നാൽ പ്രധാന കൂട്ടുകാർ പച്ചക്കറി ചെടികളാണ്. ഓരോന്നിന്റെയും പരിപാലനം മനപ്പാഠമാണ് ആൽഫിക്ക്. കൂട്ടുകാരന്റെ കൃഷിത്തോട്ടത്തെക്കുറിച്ച് അറിഞ്ഞ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിലെ ആറാം ക്ലാസിലെ 150 ഓളം വിദ്യാർത്ഥികൾ അദ്ധ്യാപകരോടൊപ്പം ആൽഫിയുടെ വീട്ടിലെത്തി.സിദ്ധാർത്ഥ ബയോ ഫാമിൽ വളർത്തുന്ന വെച്ചൂർ പശുവിന്റെ വിശേഷപ്പെട്ട ഉണക്കിപൊടിച്ച നാലുചാക്ക് ചാണകവും അവർ കൊണ്ടുവന്നു.