knb
കെ.എൻ.ബാലഗോപാലിനായി ചവറയിലെ ചുവരെഴുത്ത്

കൊല്ലം: ഇരുമുന്നണികൾക്കും അഭിമാന പോരാട്ടമായ കൊല്ലത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിന്റെയും യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രന്റെയും പ്രചാരണം ആരംഭിച്ചു. കവലകളിലും സൈബർ ഇടങ്ങളിലും പ്രവർത്തകർ ആവേശത്തിലാണ്. സംസ്ഥാനത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ഏക മണ്ഡലമാണ് കൊല്ലം. ആർ.എസ്.പി നേതൃത്വം എൻ.കെ.പ്രേമചന്ദ്രന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ മണ്ഡലത്തിലെമ്പാടും ചുവരെഴുത്തുകൾ തുടങ്ങി. ആർ.എസ്.പിയുടെ സംസ്ഥാനത്തെ ശക്തിദുർഗ്ഗമായ ചവറയിലെ ചുവരുകളിലെങ്ങും പ്രേമചന്ദ്രന്റെ പേരും മൺവെട്ടി മൺകോരി അടയാളവുമാണ്. പാർട്ടി നേതൃത്വം കെ.എൻ.ബാലഗോപാലിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതിന് പിന്നാലെ പ്രവർത്തകർ പ്രചാരണം തുടങ്ങി. ചവറയിലുൾപ്പെടെ കെ.എൻ.ബാലഗോപാലിനായി ചുവരെഴുത്തുകൾ സജീവമായി. കൊല്ലം നഗരത്തിലടക്കം ബാലഗോപാലിന്റെ ഫ്ലക്സ് ബോർഡുകളും പ്രവർത്തകർ സ്ഥാപിച്ചു. നവമാധ്യമങ്ങളിലും സജീവമായ ഇടപെടലാണ് ബാലഗോപാലിനായി സി.പി.എമ്മിന്റെ സൈബർ സഖാക്കൾ നടത്തുന്നത്.

അഞ്ച് വർഷത്തെ വികസന നേട്ടങ്ങളെല്ലാം 'സൗമ്യം, സമഗ്രം, സുതാര്യം" എന്ന പേരിൽ ബുക്കാക്കി ജനങ്ങളിലെത്തിക്കുകയാണ് യു.ഡി.എഫ് ക്യാമ്പ്. സജീവമായ നവമാധ്യമ ഇടപെടലും പ്രേമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സംഘം തുടങ്ങിക്കഴിഞ്ഞു. പ്രബല മുന്നണികൾ പ്രചരണ രംഗത്ത് മത്സരിച്ച് മുന്നേറുമ്പോഴും ഇതുവരെ ബി.ജെ.പി സ്ഥാനാർത്ഥിയെ സംബന്ധിച്ച് ധാരണയായിട്ടില്ല.